കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ഇന്നും പ്രതിഷേധം


കേന്ദ്ര ബജറ്റിനെതിരെ പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കും. സംസ്ഥാനങ്ങള്‍ക്കുണ്ടായ അവഗണന എണ്ണിപ്പറയാനാണ് എം പി മാര്‍ക്ക് നിര്‍ദേശം.അതേ സമയം കേന്ദ്ര ബജറ്റിന്‍ മേല്‍ പാര്‍ലമെന്റില്‍ ഇന്നും ചര്‍ച്ച തുടരും. പാര്‍ലമെന്റ് നടപടികള്‍ പൂര്‍ണ്ണമായും സ്തംഭിപ്പിക്കാതെ കേന്ദ്ര ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.


‘കുര്‍സി ബച്ചാവോ ബജറ്റ്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും. പ്രതിഷേധത്തിന് ശേഷം ചോദ്യോത്തര വേള ബഹിഷ്‌കരിക്കാനാണ് നീക്കം. പിന്നീട് ബജറ്റ് ചര്‍ച്ചയില്‍ എംപിമാര്‍ പങ്കെടുക്കും. ബജറ്റില്‍ ഓരോ സംസ്ഥാനങ്ങളും നേരിട്ട അവഗണന എംപിമാര്‍ എണ്ണിപ്പറയും.


പാര്‍ലമെന്റ് കവാടത്തിലും പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിക്കും. ഇന്‍ഡ്യ മുന്നണി നേതാക്കളുടെ യോഗം രാവിലെ നടന്നേക്കും. പ്രതിപക്ഷം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു എന്നാണ് ഭരണ പക്ഷത്തിന്റെ നിലപാട്.

ബിഹാറിനേയും ആന്ധ്രാ പ്രദേശിനേയും ഒഴികെ ബാക്കി സംസ്ഥാനങ്ങളെ അവഗണിച്ചു എന്ന കള്ളം പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്, പശ്ചിമ ബംഗാള്‍ അടക്കമുള്ള പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കി പദ്ധതികള്‍ നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തി എന്ന ആരോപണവും ഭരണപക്ഷം ഉയര്‍ത്തുന്നുണ്ട്.



Sharing is Caring