വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തപ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി.രാവിലെ 11 മണിയോടെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും അടക്കമുള്ളവർ സ്വീകരിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി അടക്കമുള്ളവര്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. തുടർന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ ഉച്ചയ്ക്ക് 12.10 വരെ ദുരന്തമുണ്ടായ പ്രദേശങ്ങളില്‍ വ്യോമനിരീക്ഷണം നടത്തി. തുടർന്ന് കല്‍പറ്റയില്‍ ഇറങ്ങിയശേഷം വാഹനവ്യൂഹത്തില്‍ ചൂരല്‍മലയിലേക്ക് പോയി.
ദുരിതാശ്വാസക്യാമ്ബിലും ആശുപത്രിയിലും കഴിയുന്നവരുമായി സംസാരിക്കും. തുടര്‍ന്ന് വയനാട് കളക്ടറേറ്റില്‍ എത്തുന്ന അദ്ദേഹം അവലോകനയോഗത്തില്‍ പങ്കെടുക്കും. 3.15-ന് തിരികെ കണ്ണൂരിലേക്ക് മടങ്ങും. വൈകീട്ട് 3.55-ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കും.പ്രധാനമന്ത്രിയുടെ വരവില്‍ മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമെന്നാണ് കേരളം പ്രതീക്ഷിക്കുന്നത്. പ്രത്യേക പാക്കേജ് വയനാടിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് കേരളം കരുതുന്നത്.