കൊയിലാണ്ടിയിൽ പരീക്ഷകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി കെ.ദാസൻ എം.എൽ.എ

കൊയിലാണ്ടി: നിയോജക മണ്ഡലം പരിധിയിലെ സ്കൂളുകളിൽ നാളെയും മറ്റന്നാളുമായി ആരംഭിക്കുന്ന അവസാന ഘട്ട എസ്.എസ്.എൽ.സി, പ്ലസ് വൺ, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി കെ.ദാസൻ എം.എൽ.എ അറിയിച്ചു. സ്കൂളുകൾ സന്ദർശിച്ച് സജ്ജീകരണങ്ങൾ വിലയിരുത്തി.

സർക്കാർ എയ്ഡഡ് വിഭാഗത്തിലെ 11 സ്കൂളുകളിലായി ആകെ 9094വിദ്യാർത്ഥികളാണ് പരീക്ഷയെഴുതാനായി വരുന്ന 5 ദിവസങ്ങളിലായി സ്കൂളിലേക്കെത്തുന്നത്. ഇതിൽ 5070 വിദ്യാർത്ഥികൾ പ്ലസ് വൺ, പ്ലസ് ടു വിഭാഗത്തിലും, 3339 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സിയും, 603 വിദ്യാർത്ഥികൾ വി.എച്ച്.എസ്.ഇ വിഭാഗത്തിലും, 82 വിദ്യാർത്ഥികൾ ടെക്നിക്കൽ ഹൈസ്കൂൾ വിഭാഗത്തിലും പരീക്ഷ എഴുതും. എല്ലാ പരീക്ഷാ മുറികളും ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കി ശുചീകരിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളെ ഗേറ്റുകളിൽ വെച്ച് തന്നെ തെർമൽ സ്കാനറുകൾ ഉപയോഗിച്ച് പരിശോധിച്ചതിന് ശേഷമാണ് അകത്തേക്ക് വിടുന്നത് ഇതിനായി ആരോഗ്യ വകുപ്പ് ജീവനക്കാരെ ഓരോ സ്കൂളിലും ചുമതലപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ സാനിറ്റൈസറുകളും, കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. മാസ്ക് വേണ്ട എല്ലാ വിദ്യാർത്ഥികൾക്കും നൽകും. യാത്രാബുദ്ധിമുട്ട് മുൻകൂട്ടി അറിയിച്ച വിദ്യാർത്ഥികൾക്ക് അതത് സ്കൂളുകൾ തന്നെ വാഹന സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ട്.

എല്ലായിടങ്ങളിലും പ്രധാനാധ്യാപകർ, പി.ടി.എ.ഭാരവാഹികൾ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ എന്നിവർ ചേർന്നുള്ള അവലോകന യോഗങ്ങൾ ചേർന്നു ഒരുക്കങ്ങൾ വിലയിരുത്തി. സർക്കാർ മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള ആരോഗ്യ സുരക്ഷാ ക്രമീകരണങ്ങൾ എല്ലായിടത്തും ഒരുക്കിയതായും എം.എൽ.എ അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *