തമിഴ്നാട് തിരുചിറപ്പള്ളിയിൽ കോളിളക്കം ഉണ്ടാക്കിയ രാമജയം കൊലക്കേസിൽ ആരോപണവിധേയൻ ആയിരുന്ന വ്യവസായി പ്രഭു പ്രഭാകരൻ കൊല്ലപ്പെട്ടു. കഴിഞ്ഞ ദിവസം രാത്രി ഓഫിസിൽ വച്ച് 4 അംഗ സംഘം ഇയാളെ വെട്ടികൊല്ലുകയായിരുന്നു. ഓഫീസിൽ വച്ച് സുഹൃത്തുക്കക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം. സംസ്ഥാന ഗ്രാമവികസന മന്ത്രി കെ.എൻ.നെഹ്‌റുവിന്റെ സഹോദരനും വ്യവസായിയും ആയ രാമജയത്തെ 2012 മാർച്ചിൽ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയിരുന്നു.
സിബിഐ അടക്കം അന്വേഷിച്ചിട്ടും കേസിൽ പ്രതികളെ കണ്ടെത്താൻ ആയിരുന്നില്ല. ഈ കേസിൽ പ്രഭുവിനെ ചോദ്യം ചെയ്യാൻ ഇരിക്കെയാണ് കൊലപാതകം. കാർ വിൽപന മേഖലയിലാണ് പ്രഭാകരന്‍ പ്രവർത്തിക്കുന്നത്.നേരത്തെ ക്രൈം ബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘം പ്രഭാകരനെ ചോദ്യം ചെയ്തിരുന്നു. പ്രഭാകരന്റെ ഓഫീസിലേക്ക് എത്തിയവരെ കണ്ടെത്താനായി സിസിടിവി ക്യാമറകളും മറ്റും പൊലീസ് പരിശോധിക്കുന്നുണ്ട്. ബൈക്കിലെത്തിയ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സാക്ഷികൾ വിശദമാക്കുന്നത്.














