കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ പശ്ചാത്തലത്തിലായിരുന്നു ദിവ്യയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ശേഷം അറസ്റ്റും രേഖപ്പെടുത്തി. നവീന്റെ മരണത്തിന് പിന്നാലെ ദിവ്യ ഒളിവിലായിരുന്നു.

കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി ദിവ്യയെ മജിസ്‌ട്രേറ്റിന് മുന്നിലേക്ക് കൊണ്ടുപോയി. മാധ്യമപ്രവര്‍ത്തകരെ ഒഴിവാക്കാന്‍ ആശുപത്രിയുടെ പിന്‍വാതിലിലൂടെ ദിവ്യയെ വൈദ്യ പരിശോധനയ്‌ക്കെത്തിച്ചത് വിവാദമായി. പൊലീസും ദിവ്യയും തമ്മില്‍ ഉണ്ടാക്കിയ ധാരണ പ്രകാരമാണ് കീഴടങ്ങല്‍ എന്ന ആരോപണം വലിയ തോതില്‍ ഉയരുന്നതിനിടെയാണ് ഇത്തരമൊരു നീക്കം കൂടി നടന്നത്.













