കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരായ സിപിഎം നടപടിയിൽ അതൃപ്തി അറിയിച്ച് പി പി ദിവ്യ. ഫോണിൽ വിളിച്ചാണ് ദിവ്യ നേതാക്കളെ അതൃപ്തി അറിയിച്ചതെന്നാണ് സൂചന. താൻ ജയിലിൽ കിടക്കുമ്പോൾ തന്നെ നടപടി വേണ്ടിയിരുന്നില്ലെന്ന് ദിവ്യ നേതൃത്വത്തെ അറിയിച്ചു.
തന്റെ ഭാഗം കേൾക്കാൻ പാർട്ടി തയ്യാറായില്ലെന്ന പരാതിയും ദിവ്യക്കുണ്ട്. തന്റെ ഭാഗം കേൾക്കാതെയാണ് തനിക്കെതിരായ നടപടിയെന്നും ദിവ്യ ആരോപിക്കുന്നു. അതേസമയം നവീൻ ബാബുവിൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാൻ്റിൽ കഴിയുന്ന സമയത്തായിരുന്നു പിപി ദിവ്യയെ പാർട്ടി തരംതാഴ്ത്തിയത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.
സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിൻ്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.