കാസർഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരണസംഖ്യ 5 ആയി.രജിത്തിന്റെ സുഹൃത്തുക്കളായ ബിജു, രതീഷ്, സന്ദീപ് എന്നിവരും മരണപ്പെട്ടിരുന്നു. ഇവർ ഒരുമിച്ചാണ് തെയ്യംകെട്ടിന് പോയത്.
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ കളിയാട്ടത്തിനിടെയുണ്ടായ പടക്കശേഖരത്തിന് തീപിടിച്ചായിരുന്നു കഴിഞ്ഞ ചൊവ്വാഴ്ച അപകടമുണ്ടായത്. രാത്രി 12 മണിക്കാണ് അപകടം നടക്കുന്നത്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ വെള്ളാട്ടം പുറപ്പാട് സമയത്ത് ചൈനീസ് പടക്കം പൊട്ടിക്കുന്നതിനിടെ കമ്പപ്പുരയ്ക്ക് മുകളിലേക്ക് തീപ്പൊരി വന്ന് പതിക്കുകയായിരുന്നു.
അപകടത്തിൽ 150-ലേറെ പേർക്ക് പരുക്കേറ്റു.ഉത്സവ നടത്തിപ്പുകാരുടെ അലംഭാവമാണ് അപകടത്തിന് മുഖ്യകാരണമെന്നാണ് എഫ്‌ഐആറിലുള്ളത്. കേസിലെ എല്ലാ പ്രതികളുടെയും ജാമ്യം ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിട്ടുണ്ട്.