സ്വിറ്റ്സര്‍ലന്‍ഡിനെ 6-1ന് തകര്‍ത്ത് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍; റാമോസിന് ഹാട്രിക്

സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പകരക്കാരനായി ഇറങ്ങിയ യുവതാരം ഗോണ്‍സാലോ റാമോസിന്റെ ചുമലിലേറി പറങ്കികള്‍ നടത്തിയ പടയോട്ടത്തില്‍ തകര്‍ന്ന് സ്വിറ്റ്സര്‍ലന്‍ഡ്.

ലൂസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ ആറു ഗോളുകള്‍ക്ക് സ്വിസ് പ്രതിരോധം തകര്‍ത്ത് പോര്‍ച്ചുഗല്‍ ഖത്തര്‍ ക്വാര്‍ട്ടറിലെത്തി.

ഈ ലോകകപ്പിലെ ആദ്യ ഹാട്രിക്കെന്ന സ്വപ്ന നേട്ടവും 21കാരനായ ഗോണ്‍സാലോ റാമോസ് സ്വന്തമാക്കി. മത്സരത്തിന്‍റെ 17, 51, 67 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകള്‍. പോര്‍ച്ചുഗലിനായി പെപ്പെ (33), റാഫേല്‍ ഗുരെയിരോ (55), റാഫേല്‍ ലിയോ (90+2) എന്നിവരും വലകുലുക്കി. സ്വിറ്റ്സര്‍ലന്‍ഡിന്‍റെ ആശ്വാസ ഗോള്‍ മാനുവല്‍ അകാന്‍ജിയുടെ (58) വകയായിരുന്നു.

ഡിസംബര്‍ 10ന് അല്‍ ബെയ്ത് സ്റ്റേഡിയത്തില്‍ നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയാണ് പോര്‍ച്ചുഗലിന്‍റെ എതിരാളികള്‍.

പന്തടക്കത്തിലും പാസ്സിങ്ങിലും ഏറെക്കുറെ ഒപ്പത്തിനൊപ്പം നിന്നെങ്കിലും ഫിനിഷിങ്ങില്‍ പോര്‍ച്ചുഗല്‍ ബഹുദൂരം മുന്നിലെത്തി. കിട്ടിയ അവസരങ്ങളെല്ലാം പറങ്കിപ്പട വലയിലാക്കി. 17ാം മിനിറ്റില്‍ റാമോസിലൂടെയാണ് പോര്‍ച്ചുഗല്‍ ആദ്യ ലീഡെടുത്തത്. സ്വിസ് ബോക്സിലേക്ക് പോര്‍ച്ചുഗല്‍ നടത്തിയ മുന്നേറ്റമാണ് ഗോളിനു വഴിയൊരുക്കിയത്.

സ്വിസ് പകുതിയില്‍ പോര്‍ച്ചുഗലിന് ലഭിച്ച ത്രോയില്‍ നിന്നായിരുന്നു നീക്കത്തിന്റെ തുടക്കം. ത്രോയില്‍നിന്ന് ലഭിച്ച പന്ത് ജാവോ ഫെലിക്സ് ബോക്സിനുള്ളിലുണ്ടായിരുന്ന റാമോസിന് മറിച്ചു നല്‍കി. പിന്നാലെ താരം കിടിലന്‍ ഇടങ്കാല്‍ ഷോട്ടിലൂടെ പന്ത് വലക്കുള്ളിലാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *