വിവാഹ തട്ടിപ്പ് കേസിലെ പ്രതി രേഷ്മയെ ഇന്ന് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി കഴിഞ്ഞ ദിവസം നെടുമങ്ങാട് കോടതിയിൽ പൊലീസ് അപേക്ഷ നൽകിയിരുന്നു. ജൂൺ മാസം ആറിന് ആര്യനാട് പഞ്ചായത്തംഗവുമായുള്ള വിവാഹം നടക്കാനിരിക്കെയാണ് രേഷ്മയുടെ കല്യാണത്തട്ടിപ്പ് പൊലീസ് പുറത്ത് കൊണ്ടുവന്നത്.
വിവാഹത്തിന് തൊട്ടുമുൻപ് രേഷ്മയുടെ പെരുമാറ്റത്തിൽ ചില സംശയങ്ങൾ തോന്നുകയും തുടർന്ന് രേഷ്മയുടെ ബാഗ് പരിശോധിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് പുറം ലോകം അറിയുന്നത്.വിവാഹത്തട്ടിപ്പിന്റെ തുടക്കം 2014 മുതലാണ്. രേഷ്മയുടെ ആദ്യ വിവാഹം പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇയാളുമായി പിരിഞ്ഞു. പിന്നീട് പഠനം തുടർന്നു. 2022-ൽ സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് സ്വദേശിയെ വിവാഹം കഴിച്ചു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഇദ്ദേഹം വിദേശത്തേക്കു പോയി. ശേഷം 2022-ൽ തന്നെ വൈക്കം സ്വദേശിയെ വിവാഹം കഴിച്ചു.

കാലടി സർവകലാശാലയിലെ തിരുവനന്തപുരം കേന്ദ്രത്തിൽ താത്‌കാലിക ജോലിക്ക് വരുന്നതിനിടയിൽ ട്രെയിനിൽവെച്ചാണ് വൈക്കം സ്വദേശിയെ പരിചയപ്പെട്ടത്. തുടർന്ന് 2023-ൽ പാലക്കാട് സ്വദേശിയുടെ പരിചയക്കാരനായ കൊല്ലം സ്വദേശിയുമായി വിവാഹം. വിവാഹത്തിന് മുമ്പ് തന്നെ ഇവർ ഒരുമിച്ചു താമസിക്കുകയായിരുന്നു. ഈ ബന്ധത്തിലാണ് ഒരാൺകുഞ്ഞുള്ളത്.













