ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തില്‍ ചികിത്സാ പിഴവിന് പൊലീസ് കേസെടുത്തു. ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുല്‍ സലാം രംഗത്തുവന്നു. പൊക്കിള്‍കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ തീരുമാനിച്ചതെന്ന് അബ്ദുല്‍ സലാം മാധ്യമങ്ങളോട് പറഞ്ഞു. 48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് 20 ശതമാനം താഴെയായിരുന്നു ഹൃദയമിടിപ്പ്. അമ്മയെ ഉടന്‍ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും മറിച്ചുള്ള ബന്ധുക്കളുടെ ആരോപണം ശരിയല്ലെന്നും സൂപ്രണ്ട് പറഞ്ഞു.

സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.













