പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പട്ടികജാതി – പട്ടികവർഗ്ഗ കമ്മീഷനും കൂടുതൽ അധികാരം നൽകണം-  പി. രാമഭദ്രൻ   


 തിരുവനന്തപുരം: കേരള പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പട്ടികജാതി പട്ടികവർ കമ്മീഷനും കൂടുതൽ അധികാരങ്ങൾ നൽകണമെന്ന് കെ.ഡി.എഫ്.സംസ്ഥാന പ്രസിഡന്റും ദലിത് ആദിവാസി മഹാസഖ്യം രക്ഷാധികാരികമായ പി. രാമഭദ്രൻ പറഞ്ഞു. 23 സാമൂഹ്യ- സമുദായിക സംഘടനകളുടെ കൂട്ടായ്മയായ കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ (കെ. എസ്.എഫ് )സംസ്ഥാന നേതൃസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പട്ടികജാതി – പട്ടികവർഗ്ഗ കമ്മീഷൻ മാതൃകയിൽ കൂടുതൽ അധികാരങ്ങൾ നൽകി ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാൻ കഴിയുന്ന വിധത്തിൽ ഇരുകമ്മീഷനും അധികാരങ്ങളുണ്ടാകണം.ഭീമമായ പണം ചെലവഴിച്ചു പ്രവർത്തിക്കുന്ന കമ്മീഷനുകളെ കൊണ്ട് ജനങ്ങൾക്ക് പ്രയോജനമില്ലെങ്കിൽ അത് പിരിച്ചുവിടുന്നതാണ് നല്ലത്.പോലീസിന്റെ അതിക്രമങ്ങൾ ലാഘവമായി കാണാൻ കഴിയില്ല. യു.ഡി.എഫ് ഭരണകാലത്തു ഉൾപ്പെടെ പോലീസിന്റെ അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിശോധിച്ച് കുറ്റക്കാർക്കെതിരെ കുറ്റകൃത്യത്തിന്റെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചേ മതിയാവൂ. ആരെവേണമെങ്കിലും തെറ്റിദ്ധരിപ്പിക്കാനുള്ള വിരുത് പോലീസിനുണ്ട്. അവർക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ 90% കുറ്റവാളികളെയും മുകളിലുള്ള ഉദ്യോഗസ്ഥർ സംരക്ഷിച്ചിട്ടേ ഉള്ളൂ.രാഷ്ട്രീയപ്രവർത്തകരാണ് പോലീസിനെതിരെയുള്ള മനുഷ്യാവകാശ വിഷയങ്ങളിൽ പ്രതികരിക്കുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയ പ്രവർത്തകരിൽ മഹാഭൂരിപക്ഷംവരുന്നവരെയും പോലീസിനു കണ്ടുകൂടാത്തത്. അതിന് ഏതെങ്കിലും പാർട്ടിയെന്ന് വ്യത്യാസമില്ല. ഈ യാഥാർത്ഥ്യങ്ങളെല്ലാം തിരിച്ചറിയുന്ന രാഷ്ട്രീയ നേതാവും ഭരണാധികാരികമാണ് പിണറായി വിജയൻ എന്നുള്ളതുകൊണ്ട് കൂടുതൽ നടപടികൾ ജനങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത് പി.രാമഭദ്രൻ പറഞ്ഞു.


 കേരള സോഷ്യലിസ്റ്റ് ഫെഡറേഷന്റെ നയരേഖ, പതാക, സംഘടനാ നിയമാവലി എന്നിവ അംഗീകരിക്കുകയും പതാക പ്രദർശനം സെപ്റ്റംബർ 24 ന് 3 മണിക്ക് നടത്തുവാൻ തീരുമാനിച്ചു.


 സാംബവർ ഡെവലപ്മെന്റ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് വൈ. ലോറൻസ് അധ്യക്ഷത വഹിച്ചു. കെ. പി. എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ. രമേശൻ മെമ്മോറാണ്ടം ഓഫ് അസോസിയേഷനും, സർഗ്ഗസമത സംസ്ഥാന പ്രസിഡന്റ് ഡി. പ്രശാന്ത് നയരേഖയും അവതരിപ്പിച്ചു. ഡോ.പി. എൻ. പ്രേമചന്ദ്രൻ (കേരള തണ്ടാൻ മഹാസഭ), കെ.രവികുമാർ, ഓ.സുധാമണി ( സിദ്ധനർ സർവീസ് സൊസൈറ്റി) ചൊവ്വര സുനിൽ നാടാർ( നാടാർ സർവീസ് ഫോറം) അഡ്വ. പി.ആ സുരേഷ്. ( എഴുത്തച്ഛൻ സമാജം), ബി. സുഭാഷ് ബോസ്( കേരള മൺപാത്ര നിർമ്മാണ സമുദായ സഭ), രാമചന്ദ്രൻ മുല്ലശ്ശേരി ( സാംബവ മഹാസഭ), സുരേഷ് കുന്നത്ത്(വിളക്കിത്തല നായർ സഭ), വി.കെ. ഗോപി, ടി.പി.രാജൻ (ആൾ കേരള പുലയർ മഹാസഭ),പട്ടം തുരുത്ത് ബാബു ( വേടർ സമാജം),ശ്രീകാര്യം ശ്രീകുമാർ (കേരള തണ്ടാർ സൊസൈറ്റി), ജോസ് ആച്ചിക്കൽ( പട്ടികജാതി ക്രിസ്ത്യൻ മഹാസഭ) എ.അനിൽകുട്ടൻ (കേരള സാംബവ സഭ) ടി. എസ് ജയന്തൻ ( കെ. പി. എം.എസ്) എന്നീ സംഘടനാ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.

     



Sharing is Caring