ഗുണ്ടുൽപേട്ടയിലെ പൂക്കാലം

കെ കെ ജയേഷ്


ന്യമൃഗങ്ങൾ വിഹരിക്കുന്ന കാട് താണ്ടിയെത്തിയത് പൂക്കളുടെ വർണോത്സവത്തിലേക്ക്. പുഞ്ചിരി തൂവുന്ന സൂര്യകാന്തികൾ. ജമന്തിയും ചെണ്ടുമല്ലിയും വാടാർമല്ലിയുമെല്ലാം ചേർന്ന് തീർക്കുന്ന വസന്തമാണ് ഗുണ്ടുൽപേട്ടയിൽ. പൂപ്പാടങ്ങളിൽ നിന്ന് പൂക്കൾ കൊട്ടയിലാക്കി ലോറികൾക്കടുത്തേക്ക് നടന്നു നീങ്ങുന്ന ഗ്രാമീണ സ്ത്രീകൾ. 


തിരക്കില്ലാത്ത നാട്ടുവഴികളിലൂടെ കുടമണിയുടെ സംഗീതം മുഴക്കി പതിയെ കടന്നുപോകുന്ന കാളവണ്ടികൾ. ഒരു വലിയ പൂപ്പാത്രം തട്ടിച്ചിന്നിച്ചിതറിയതുപോലെയാണ് ഓണക്കാലത്ത് ഗുണ്ടുൽപേട്ട. എവിടെ നോക്കിയാലും പൂക്കൾ ഒരുക്കിയ മഞ്ഞയും വയലറ്റുമെല്ലാം നിറഞ്ഞ മായിക കാഴ്ച. ഗുണ്ടുൽപേട്ടയുടെ കൃഷിയിടങ്ങൾക്ക് ഓരോ കാലത്തും ഓരോ വർണങ്ങളാണ്. വിരിയുന്ന പൂക്കൾക്കും വിളയുന്ന കാർഷിക വിളകൾക്കമനുസരിച്ച് ആ നിറങ്ങൾ മാറിക്കൊണ്ടിരിക്കും. ഞങ്ങളെത്തുമ്പോൾ ചെണ്ടുമല്ലിയുടെയും സൂര്യകാന്തിയുടെയും നിറമായിരുന്നു ഈ മണ്ണിന്. പൂക്കൾ മാത്രമല്ല കേരളത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഗ്രാമീണ ജീവിതക്കാഴ്ചകൾ നെഞ്ചേറ്റിയാണ് ഈ കന്നഡ മണ്ണ് നമ്മളെ സ്വാഗതം ചെയ്യുന്നത്. 

ഓണക്കാലത്ത് കുറഞ്ഞ ചെലവിൽ കുടുംബത്തോടൊപ്പം യാത്ര പോകാൻ പറ്റിയ മനോഹരമായ ഒരു സ്ഥലമാണ് വയനാടിനടുത്തുള്ള കർണാടകൻ ഗ്രാമമായ ഗുണ്ടുൽപേട്ട. ചുരം കയറി വയനാടിന്റെ മനോഹാരിത ആസ്വദിച്ച് മുത്തങ്ങ കാട് പിന്നിട്ടാൽ ഇവിടെയെത്താം. കാടു കടന്നെത്തിയാൽ ആദ്യത്തെ ചെറു പട്ടണമാണ് ഗുണ്ടുൽപേട്ട. 

മുൻസിപ്പാലിറ്റിയാണെങ്കിലും അതിന്റെ ആർഭാടങ്ങളൊന്നും എവിടെയും കാണാനാവില്ല. ചില ചെറു കെട്ടിടങ്ങൾ. . സൗകര്യങ്ങൾ കുറഞ്ഞ നാടൻ ബാറുകൾ. . വിദേശ മദ്യക്കടകൾ. . റോഡിലൂടെ കൂട്ടമായി നീങ്ങുന്ന കാലികൾ. . യാതൊരു തിരക്കുമില്ലാതെ വഴിയോരത്തിരുന്ന കഥ പറയുന്ന ഗ്രാമീണർ. ദേശീയപാത 766 പിന്നിട്ടാൽ മദൂർ മുതൽ തുടങ്ങുകയാണ് പൂക്കളുടെ ആഘോഷം. പിന്നെ പതിനെട്ട് കിലോമീറ്റർ ദൂരം ഗുണ്ടുൽപേട്ട വരെ പൂന്തോട്ടങ്ങളങ്ങിനെ യാത്രികനെയും കാത്തിരിപ്പാണ്. ഉൾനാടൻ ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ചാലോ കാഴ്ചയുടെ പറുദ്ദീസ തന്നെയാണ് സഞ്ചാരികളെ വരവേൽക്കുക. 

ശിവകുമാറിന്റെ സൂര്യകാന്തിത്തോട്ടം

റോഡരികിൽ വണ്ടി നിർത്തി ഫോട്ടോയെടുക്കാനായി ഒരു സൂര്യകാന്തി പാടത്തിലേക്ക് കയറി. കന്യഗാല ഊരിലെ ശിവകുമാറിന്റെ സൂര്യകാന്തിത്തോട്ടമാണിത്. സ്ഥലം പാട്ടത്തിനൊടുത്ത് കൃഷി ചെയ്യുകയാണ് പത്തൊൻപതുകാരനായ ശിവകുമാർ. അമ്പത് രൂപ നൽകിയപ്പോൾ ശിവകുമാർ ഹാപ്പി. സൂര്യകാന്തിയുടെയും മറ്റ് പൂക്കളുടെയും പശ്ചാത്തലത്തിൽ ഫോട്ടോ എടുക്കാൻ എത്തുന്നവർ നൽകുന്ന പണം ഇവിടുത്തെ കർഷകർക്ക് ഒരു വരുമാന മാർഗമാണ്. മേയ് മാസത്തിൽ കൃഷിയിറക്കിയതാണ് സൂര്യകാന്തി. ഓഗസ്റ്റ് പകുതി വരെ പൂത്തു നിന്ന സൂര്യകാന്തി മറ്റ് പൂക്കൾക്ക് വഴിമാറിത്തുടങ്ങിയിട്ടുണ്ട്. കാലാവസ്ഥ ചതിക്കാത്തതുകൊണ്ട് തരക്കേടില്ലാത്ത വിളവ് ലഭിച്ചുവെന്ന് ശിവകുമാർ പറഞ്ഞു.

 

ഇരുപത് ദിവസം കൊണ്ട് സൂര്യകാന്തി വിളവെടുക്കാനാവും. ഒരു ഏക്കറിൽ നിന്ന് അഞ്ച് കിന്റ്വലോളം വിളവ് ലഭിക്കും. വൻകിട എണ്ണ കമ്പനികളാണ് സൂര്യകാന്തി വാങ്ങുന്നത്. ഇതിനായുള്ള വിത്തെല്ലാം കമ്പനികൾ കർഷകർക്ക് നൽകും. 2400 രൂപയോളം വില വരുന്ന അഞ്ചു കിലോ പാക്കറ്റ് ഒരു ഏക്കറിലേക്ക് തികയും. ഇതിൽ നിന്ന് അഞ്ച് ക്വിന്റൽ വരെ എണ്ണക്കുരു ഉത്പാദിപ്പിക്കാനാവും. ജോലിക്കാർക്ക് അറുന്നൂറ് രൂപയാണ് കൂലിയെന്നും ശിവകുമാർ പറഞ്ഞു. 

ശിവകുമാറുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രായം ചെന്ന ഒരാൾ അടുത്തേക്ക് വന്നത്. തൊട്ടടുത്ത ഗ്രാമത്തിലുള്ളയാളാണ്. പേര് ശിവ. ഇദ്ദേഹത്തിന്റെ സഹോദരന്റെ സ്ഥലമാണ് ശിവകുമാർ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. ‘കേരളത്തിലെ വിലയ്ക്കനുസരിച്ചാണ് ഓണക്കാലത്ത് പൂക്കളുടെ വില’- ശിവ പറഞ്ഞു. ഓണക്കാലമാണ് ഗുണ്ടുൽപേട്ടിലെ കർഷകരുടെ പ്രതീക്ഷാക്കാലം. കിലോയ്ക്ക് ഏഴ് രൂപയ്ക്ക് വിൽക്കുന്ന പൂക്കൾക്ക് ഓണമെത്തുന്നതോടെ മുപ്പത് രൂപയെങ്കിലും ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. വൻകിട എണ്ണക്കമ്പനികളും പെയിന്റ് കമ്പനികളും കുരുക്കുന്ന വലയിൽ അകപ്പെട്ട കർഷകർക്ക് പലപ്പോഴും അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം ലഭിക്കാറില്ല. തമിഴ് നാട്ടിലെയും കർണാടകത്തിലെയും പെയിന്റ് കമ്പനികളാണ് പ്രധാനമായും ഇവിടെ നിന്ന് പൂക്കൾ വാങ്ങുന്നത്. ഇതിനുള്ള വിത്തും വളവുമെല്ലാം കമ്പനികളാണ് നൽകുക. പ്രയാസത്തിൽ കഴിയുന്ന കർഷകർക്ക് പക്ഷേ ഓണക്കാലം ആശ്വാസമാണ്. കേരളത്തിലേക്ക് പൂക്കൾ കയറ്റിപ്പോകുമ്പോൾ തരക്കേടില്ലാത്ത വരുമാനം ലഭിക്കുമെന്ന് ശിവ പറഞ്ഞു. ജൂലൈ മുതൽ സെപ്തംബർ വരെയാണ് ഗുണ്ടുൽപേട്ടയിലെ പൂക്കൃഷി. അത് കഴിഞ്ഞാൽ മറ്റ് കൃഷികൾ തുടങ്ങും. ചോളം, തക്കാളി, കാബേജ്, വാഴ, തണ്ണിമത്തൻ, ബീൻസ്, കോളിഫ്ളവർ എന്നിവയെല്ലാമാണ് പ്രധാന കൃഷികൾ. 

ഗോപലപുരയിലെ ശിവമ്മ

ശിവയോടും ശിവകുമാറിനോടും യാത്ര പറഞ്ഞ് ഞങ്ങൾ ഗോപാൽസ്വാമി ബേട്ടയിലേക്ക് യാത്ര തിരിച്ചു. പ്രധാന റോഡിൽ കുറച്ചുകൂടി മുന്നോട്ട് പോയി ഹങ്കാളയിൽ നിന്നാണ് ഇവിടേക്കുള്ള വഴി തിരിയുന്നത്. എന്നാൽ ശിവ പറഞ്ഞതുപ്രകാരം എളുപ്പവഴിയിലാണ് ഞങ്ങളുടെ യാത്ര. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പൂപ്പാടങ്ങൾക്ക് നടുവിലൂടെയുള്ള ചെറു റോഡ്. കാർ പലയിടങ്ങളിലും നിർത്തി പൂക്കൾക്കൊപ്പം ഫോട്ടോയെടുത്തു. കുറേ ദൂരം സഞ്ചരിച്ചപ്പോൾ ഒരു ചെറു ഗ്രാമത്തിലേക്കെത്തി. ഗോപാലപുര എന്നെഴുതിയ ബോർഡിനടുത്ത് വണ്ടി നിർത്തി. കൊച്ചുവീടുകളും കടകളും നിറഞ്ഞ ഒരു ഗ്രാമം. ഒരു വീടിന് മുന്നിൽ രണ്ട് സ്ത്രീകൾ കഥകൾ പറഞ്ഞിരിപ്പുണ്ട്. ശിവമ്മയും ബെല്ലമ്മയും. വീട്ടിലേക്ക് ചെന്നപ്പോൾ വീട്ടുകാരി ശിവമ്മ സ്നേഹപൂർവം സ്വീകരിച്ചു. തോട്ടപ്പണിക്കാരാണ് ഇരുവരും. ഓണക്കാലത്ത് കൂലി കൂടുതൽ കിട്ടുമെന്നത് സന്തോഷകരമാണെന്ന് ശിവമ്മ പറഞ്ഞു. ഈ സമയം പൂ പറിക്കാൻ പോയാൽ അഞ്ഞൂറ് രൂപയോളം കൂലി ലഭിക്കും. മറ്റ് സമയങ്ങളിൽ ചെറുപയർ, മുതിര, കോളിഫ്ളവർ, സൂര്യകാന്തി എന്നിവയുടെയെല്ലാം കൃഷിക്ക് പോകുമെന്നും ഇവർ പറഞ്ഞു. 

ശിവമ്മയോട് യാത്ര പറഞ്ഞ് മുന്നോട്ട് പോകുമ്പോൾ ഏറെ സൗമ്യരായി വഴിയരികിലൂടെ പശുക്കൾ നടന്നുപോകുന്നുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിൽ നമ്മെ കുളിരണിയിച്ച ആ കാഴ്ചകളാണ് ഗോപാലപുരയിൽ. ആ ചിത്രത്തിലെ മുകുന്ദനും രാധയും പ്രണയിച്ചത് ഇവിടെ വെച്ചാണ്. രാധയുടെ അമ്പാടിപ്പയ്യുകൾ മേയുന്ന തീരങ്ങളും ഇവിടെ തന്നെ. 

ഗോപാൽ സ്വാമി ബേട്ടയിലേക്ക്

കൃഷിത്തോട്ടങ്ങൾ പിന്നിട് കാറ് മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു. പ്രദേശമാകെ ഏറെക്കുറേ വിജനമാണ്. അപൂർവമായി മാത്രം എതിരെ വാഹനങ്ങൾ കടന്നുവന്നു. ദൂരക്കാഴ്ചയിൽ വലിയ മലനിരകൾ. വലിയൊരു കുന്നിൻ താഴ്വാരത്തിൽ വണ്ടി നിർത്തി. ഇവിടെ നിന്നാണ് ഗോപാൽ സ്വാമി ബേട്ടയിലേക്ക് യാത്ര തിരിക്കേണ്ടത്. മുമ്പിൽ വനം വകുപ്പിന്റെ ഗേറ്റുണ്ട്. സ്വകാര്യ വാഹനങ്ങൾ ഇവിടെ നിർത്തി കർണാടക ട്രാൻസ്പോർട്ട് ബസിൽ കയറി വേണം മലമുകളിലെ ക്ഷേത്രത്തിലേക്കെത്താൻ. ബസ് കാത്ത് നിരവധി പേർ നിൽക്കുന്നുണ്ട്. കുന്നിറങ്ങിയ ബസ് ആളുകളെ ഇറക്കി മടക്ക യാത്രയ്ക്ക് തയ്യാറായി. അവധി ദിവസമായതിനാൽ നല്ല തിരക്കുണ്ടായിരുന്നു. വനഭൂമിക്ക് നടുവിലെ ചെറുവഴിയിലൂടെ ബസ് ഇഴഞ്ഞ് കയറിത്തുടങ്ങി. മുകളിലെത്തിയപ്പോൾ താഴെ ഗുണ്ടുൽപേട്ടയുടെ വിശാലമായ കൃഷിയിടം കാണാം. പച്ചപ്പ് വിരിച്ച നീലഗിരി കാടുകളുടെ മനോഹര ദൃശ്യം. കത്തുന്ന വെയിലിലാണ് ഗോപാൽ സ്വാമി ബേട്ടയിലേക്ക് യാത്ര തിരിച്ചത്. മുകളിലെത്തിയപ്പോൾ വല്ലാത്തൊരു ആശ്വാസം. ക്ഷേത്ര പരിസരത്ത് നല്ല തണുപ്പ്. താഴെ പുൽമേടുകളിൽ കോട മഞ്ഞ് നിറയുന്നു. 

പതിനാലാം നൂറ്റാണ്ടിൽ നിർമിച്ചതെന്ന് കരുതുന്ന ക്ഷേത്രമാണ് ഗോപാൽ സ്വാമി ബേട്ട. മുഴുവൻ പേര് ഹിമവദ് ഗോപാൽസ്വാമി ബേട്ട. സമുദ്ര നിരപ്പിൽ നിന്നും മൂവായിരം അടി ഉയരത്തിലുള്ള പ്രദേശം ബന്ദിപ്പൂർ നാഷണൽ പാർക്കിലെ ഏറ്റവും ഉയരും കൂടിയ സ്ഥലം കൂടിയാണ്. മഞ്ഞു പുതച്ച് നിൽക്കുന്ന ക്ഷേത്രം തീർത്ഥാടകരുടെ പുണ്യഭൂമിയും സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടവുമാണ്. കൃഷ്ണനും രാധയുമാണ് പ്രതിഷ്ഠ. അഗസ്ത്യ മുനി ഈ മലമുകളിൽ തപസ് അനുഷ്ഠിച്ചുവെന്നാണ് ഐതിഹ്യം. മഞ്ചണ്ഡ രാജവംശമാണ് ക്ഷേത്രം പണികഴിപ്പിച്ചത്. മഞ്ചണ്ഡ രാജാവ് സഹോദരായ ശത്രുക്കളിൽ നിന്നും കുതിരപ്പുറത്ത് കയറി ഭയന്നോടി ഈ മലയുടെ മുകളിൽ നിന്നും ചാടി ആത്മഹത്യചെയ്തു എന്ന ചരിത്രവുമുണ്ട്. മാധവ ദണ്ഡനായകൻ ഇതിന്റെ വിഷമം തീർക്കാൻ കൂടിയാണത്രേ മലമുകളിൽ ദൈവ പ്രതിഷ്ഠ നടത്തിയത്. പിന്നീട് വന്ന വോഡയാർ രാജവംശവും ക്ഷേത്രം പരിപാലിച്ചു പോന്നു. 

പടവുകൾ കയറി വേണം ക്ഷേത്ര മുറ്റത്തെത്താൻ. ക്ഷേത്രത്തിനകത്തേക്ക് കയറാൻ കാത്തു നിൽക്കുന്ന ആളുകൾ. ഉള്ളിലേക്ക് കയറിയപ്പോൾ വല്ലാത്തൊരു നിശബ്ദതയും തണുപ്പും നിറഞ്ഞു. പുറത്തിറങ്ങിയപ്പോൾ ഒരിലയിൽ പ്രസാദം ലഭിച്ചു. അത് കഴിച്ചുകൊണ്ടിരിക്കുമ്പോൾ ചുറ്റിലും പലരും ക്ഷേത്ര മുറ്റത്ത് നിന്ന് ഫോട്ടോകളെടുക്കുകയാണ്. ആനകൾ ഉൾപ്പെടെ ഇതുവഴി ക്ഷേത്രത്തിനടുത്തേക്ക് കയറി വരാറുണ്ടെന്ന് ഇവിടെ നിന്ന് പരിചയപ്പെട്ട ഒരാൾ പറഞ്ഞു. ചുറ്റും വൈദ്യുത കമ്പിവേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം കടന്ന് ആനകൾ ഇവിടെയെത്തും. ഒരു ബസ് മല കയറി വന്നിട്ടുണ്ട്. അതിൽ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. വെയിൽ ചാഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇരുട്ടിത്തുടങ്ങുമ്പോൾ ക്ഷേത്രത്തിന്റെ വാതിലുകൾ അടയും. സന്ധ്യാ പൂജ കഴിഞ്ഞാൽ പൂജാരിമാർ ഉൾപ്പെടെ മലയിറങ്ങും. ആളുകളൊഴിഞ്ഞാൽ പ്രദേശം വന്യമൃഗങ്ങളുടെ കേന്ദ്രമായി മാറും. നിറയെ യാത്രികരുമായി ബസ് മലയിറങ്ങുകയാണ്.


Sharing is Caring