ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു


കോഴിക്കോട് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 30 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് രേഖാചിത്രം പുറത്ത് വിട്ടു. മോഷണ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളുടെ ചിത്രമാണ് അന്വേഷണ സംഘം പുറത്ത് വിട്ടത്. കോഴിക്കോട് ഫ്രാന്‍സിസ് ആലുക്കാസ് ജ്വല്ലറിയിലാണ് മോഷണം നടന്നത്.
കോഴിക്കോട് ഫ്രാന്‍സിസ് ആലുക്കാസില്‍ നിന്നും സ്വര്‍ണ്ണത്തില്‍ ഹാള്‍മാര്‍ക്ക് മുദ്ര പതിപ്പിക്കാന്‍ പോയ ജീവനക്കാരനെയാണ് തട്ടിക്കൊണ്ടു പോയത്. ഹാള്‍മാര്‍ക്ക് പതിപ്പിച്ച ശേഷം സ്വര്‍ണവുമായി ആക്ടീവ ബൈക്കില്‍ വരികയായിരുന്ന ബില്‍ജിത്തിനെ പാളയത്തിന് സമീപം ഇന്നോവാ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തുകയായിരുന്നു. എന്‍ഫോഴ്‌സ്‌മെന്റില്‍ നിന്നാണെന്നും സ്വര്‍ണവുമായി വാഹനത്തില്‍ കയറാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് എന്ന വ്യാജേനെ വാഹനം മുന്നോട്ട് പോയ ശേഷം ബില്‍ജിത്തിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ദേവഗിരി കോളജ് റോഡില്‍ ദില്‍ജിത്തിനെ ഉപേക്ഷിച്ച ശേഷം സംഘം കടന്നു കളയുകയായിരുന്നു.
സംഘമെത്തിയ ഇന്നോവാ കാര്‍ കണ്ടെത്തുന്നതിനായി പോലീസ് നഗരത്തില്‍ ക്യാമറ ദൃശ്യങ്ങളടക്കം കഴിഞ്ഞ ദിവസം പരിശോധിച്ചിരുന്നു.




Sharing is Caring