
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സുരക്ഷ വീഴ്ചയില്ലെന്ന് പോലീസ് വിലയിരുത്തൽ. പരുക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിക്കുന്നതുവരെ പ്രകോപനം ഇല്ലായിരുന്നു എന്നും പൊലീസ് പറഞ്ഞു.സന്ദീപ് മറ്റൊരു കേസിലും പ്രതിയല്ല എന്ന് പൊലീസ് പറയുന്നു. പെട്ടെന്ന് ആക്രമണം ഉണ്ടായപ്പോൾ ഇടപെട്ട പൊലീസുകാർക്കും കുത്തേറ്റു. മാറിനിന്നില്ല, അക്രമിയെ തടയുകയാണ് ചെയ്തത് എന്നും പൊലീസ് വിശദീകരിക്കുന്നു.
ഡിവൈഎസ്പി ഡി.വിജയകുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടത്തുക. പ്രതിയെ ഉടൻ കസ്റ്റഡിയിൽ വാങ്ങും. എഫ്ഐആറിൽ മാറ്റം വരും. ഡ്യൂട്ടി ഡോക്ടർ മുഹമ്മദ് ഷിബിന്റെ മൊഴിപ്രകാരം തയ്യാറാക്കിയ എഫ്ഐആറിൽ മാറ്റം വരും. ദൃക്സാക്ഷികളായ കൂടുതൽ പേരുടെ മൊഴി ഇന്നലെത്തന്നെ രേഖപ്പെടുത്തി.ഡോ.വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പോലിസ് മേധാവി ഇന്ന് രാവിലെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. ഓൺലൈൻ ആയി ഡിജിപി യോട് ഹാജരാകാനും കോടതി നിർദേശിച്ചിരുന്നു.

ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രൻ , കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നടന്ന സംഭവത്തെ കുറിച്ച് സ്ഥലം മജിസ്ട്രേറ്റും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.ഡോ. വന്ദന ദാസിന്റെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. സന്ദീപിനെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നാളെയും ഡോക്ടർമാരുടെ പണിമുടക്ക് തുടരും. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്ന നിയമനം ഓർഡിനൻസായി എത്രയും വേഗം പാസാക്കണമെന്ന് ഐഎംഎ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
