അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി


അരിക്കൊമ്പൻ വിഷയവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി. കേന്ദ്ര സർക്കാർ, കേരള – തമിഴ്നാട് സർക്കാരുകളെ എതിർകക്ഷിയാക്കിയാണ് ഹർജി. പരിസ്ഥിതി പ്രവർത്തകൻ സി.ആർ നീലകണ്ഠൻ, വി.കെ ആനന്ദൻ എന്നിവരാണ് ഹർജിക്കാർ.പശ്ചിമഘട്ടത്തിലെ വന്യമൃഗ – മനുഷ്യ സംഘർഷം അവസാനിപ്പിക്കാൻ ഇടപെടൽ തേടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.ശാസ്ത്രീയമായ പഠനത്തിലൂടെ ജനവാസ – മൃഗമേഖലകളെ തരം തിരിക്കണം.


ആനത്താരകളും ജനവാസ മേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്ര സർക്കാർ പഠനം നടത്തണം. ഒരു മൃഗത്ത ആവാസ വ്യവസ്ഥയിൽ നിന്ന് ശാസ്ത്രീയ പഠനങ്ങൾ ഇല്ലാതെ മാറ്റരുത് തുടങ്ങിയ കാര്യങ്ങൾ ഹർജിയിൽ പറയുന്നുണ്ട്. അഭിഭാഷകരായ പ്രിയങ്ക പ്രകാശ്, മൈത്രി ഹെഡ്ഹേ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി സമർപിച്ചത്. ഹർജി ജൂലായ് അഞ്ചിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും.അരിക്കൊമ്പനെ മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ തന്നെ ഒരു ഹർജി സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇത് ജൂലൈ 6 ന് പരിഗണിക്കാനാണ് സുപ്രീംകോടതി തീരുമാനം. വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്.


അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്നും, ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹർജിയിലുണ്ട്.അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്. അരിക്കൊമ്പന്റെ ആരോഗ്യനില മോശമാണെന്നും ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സംഘടനക്കായി അഭിഭാഷകന്‍ ദീപക് പ്രകാശും അഭിഭാഷക ദിവ്യാംഗന മാലിക്കും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ കോടതി ജൂലൈ ആറിന് പരിഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നുവിട്ട അരിക്കൊമ്പൻ്റെ ദൃശ്യങ്ങളും ചിത്രങ്ങളും മൂന്ന് തവണ തമിഴ്നാട് വനംവകുപ്പ് പുറത്ത് വിട്ടിരുന്നു.

ഇതിൽ കൊമ്പൻ തീറ്റ തിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു.എന്നാൽ ആ ചിത്രങ്ങൾ അരിക്കൊമ്പന്റെ ആരാധകർ വലിയ ചർച്ചയാക്കിയിരുന്നു. ചിത്രങ്ങൾ കണ്ട് ആന ക്ഷീണിതനാണെന്നും ആരോഗ്യം മോശമാണെന്നും മൃഗസ്നേഹികൾ പറഞ്ഞു. ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ആനയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്ത് വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിരുന്നു.



Sharing is Caring