സി പി എം സൈബര്‍ ആക്രമണത്തില്‍ ഫേസ് ബുക്ക് ഉപേക്ഷിച്ച് ജി ശക്തിധരന്‍


സി പി എം സൈബര്‍ ആക്രമണത്തില്‍ ഫേസ് ബുക്ക് ഉപേക്ഷിച്ച് ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. ഇനി ജനശക്തി ഓണ്‍ലൈനിലൂടെ മാത്രമാണ് താന്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം കൈതോലപ്പായയില്‍ രണ്ട് കോടി 35 ലക്ഷം പൊതിഞ്ഞുകൊണ്ടുപോയ സി പി എം നേതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ അദ്ദേഹം ഫേസ് ബുക്കിലൂടെ നടത്തിയതോടെയാണ് അദ്ദേഹത്തിനെതിരെ സി പി എം കേന്ദ്രങ്ങളില്‍ നിന്നും കനത്തതോതില്‍ സൈബര്‍ ആക്രമണം ഉണ്ടായത്.


ഇതിന് മുമ്പും ജി ശക്തിധരന്‍ സി പിഎം സൈബര്‍ ആക്രണങ്ങള്‍ വിധേയമായിട്ടുണ്ട്്. നിരവധി തവണ അദ്ദേഹം പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരു സാധാരണ പൗരന്‍ എന്ന നിലയില്‍ സാമൂഹ്യ മാധ്യമത്തില്‍ ആശയങ്ങള്‍ കൈമാറാനുള്ള സ്വാതന്ത്ര്യം നിര്‍ഭയം നിര്‍വ്വഹിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് താന്‍ എന്ന് അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.വര്ഷങ്ങള്‍ മുമ്പ് മരണപ്പെട്ടു പോയ അച്ഛനെയും അമ്മയെയും, എന്റെ പെണ്മക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങളെയും പേരക്കുട്ടിയെയും സോഷ്യല്‍ മീഡിയയില്‍ നികൃഷ്ടഭാഷയില്‍ നിരന്തരം തേജോവധം ചെയ്യുകയാണ്.


കമ്മ്യുണിസ്റ്റ് പാര്ട്ടി യുടെ സമസ്ത ശക്തിയും സ്വരൂപിച്ചു ഭരണ മേധാവിയുടെ ഒത്താശയോടെയാണ് ഇത് ചെയ്തു കൊണ്ടിരിക്കുന്നത്. ഏതറ്റം വരെയും പോകാന്‍ മടിയില്ലാത്ത ഹിംസ്രജന്തുക്കളോട് വേദോപദേശം നടത്തിയിട്ട് കാര്യമില്ല എന്നറിയാമെന്നും അത് കൊണ്ട് താന്‍ സോഷ്യല്‍ മീഡിയ ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം പറയുന്നു.അത് കൊണ്ട് ഇനി യുദ്ധം ജനശക്തി ഓണ്‍ലൈനില്‍ മാത്രമായിരിക്കും എന്നദ്ദേഹം പറയുന്നു.



Sharing is Caring