കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത എംപിമാര്‍ പാര്‍ലമെന്റില്‍ നിശബ്ദരായിരുന്നുവെന്ന് കെ കെ ശൈലജ. എല്‍ഡിഎഫ് എംപിമാര്‍ എണ്ണത്തില്‍ കുറവായിരുന്നെങ്കിലും മികച്ച ഇടപെടല്‍ നടത്തിയെന്നും ശൈലജ പ്രതികരിച്ചു. ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യും. എതിരാളി ആരായാലും കുഴപ്പമില്ലെന്ന് കെ മുരളീധരന്‍ തൃശൂരില്‍ മത്സരിക്കുമെന്ന വാര്‍ത്തയോട് പ്രതികരിച്ച് ശൈലജ വ്യക്തമാക്കി.കോണ്‍ഗ്രസിന്റെ പ്രമുഖരായ നേതാക്കളുടെ മക്കള്‍ പോലും ബിജെപിയിലേക്ക് മാറി.
എ കെ ആന്റണിയുടെ മകന്‍ ആദ്യം പോയി. ഇപ്പോള്‍ കെ കരുണാകരന്റെ മകള്‍ ബിജെപിയിലേക്ക് പോയി. ആരാണ് ബിജെപിയിലേക്ക് പോവുക എന്ന് അറിയാത്ത അവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍.
മന്ത്രിയായിരിക്കെ ഏല്‍പ്പിച്ച ചുമതല കൃത്യമായി നിര്‍വ്വഹിച്ചു. പ്രതിസന്ധി നിറഞ്ഞ ഘട്ടങ്ങളില്‍ മന്ത്രി എന്ന നിലയില്‍ വേണ്ടത് പ്രവര്‍ത്തിച്ചു. നിപ അടക്കമുള്ളവ ബാധിച്ച പ്രതിസന്ധി ഘട്ടങ്ങളില്‍ ആരോഗ്യമേഖലയെ സജ്ജമാക്കേണ്ടിയിരുന്നു. ചുമതല നല്‍കിയ മേഖലയില്‍ ടീം ആയി പ്രവത്തിച്ചു.പാര്‍ട്ടിയുടെയും മുന്നണിയുടെയും തീരുമാനം അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.
നിലവില്‍ തന്റെ ശബ്ദം പാര്‍ലമെന്റില്‍ ഉണ്ടാകണമെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. ആ തീരുമാനം വലിയ പരിഗണനയായാണ് കരുതുന്നത്. ജനാധിപത്യം ഭീഷണി നേരിടുന്ന സമയത്ത് ജനങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയാണെന്നും ശൈലജ വ്യക്തമാക്കി.കേരളത്തിലെ വിഷയങ്ങള്‍ കേന്ദ്രത്തെ അറിയിക്കുന്നതില്‍ ഇവിടുത്തെ കോണ്‍ഗ്രസ് എംപിമാര്‍ നിശബ്ദരായിരുന്നു.
രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും ഉന്നയിക്കേണ്ട ഘട്ടത്തില്‍ എംപിമാര്‍ നിഷ്‌ക്രിയരായിരുന്നു. എന്നാല്‍ ഒരു എംപി മാത്രമാണ് കേരളത്തില്‍ നിന്ന് ഉണ്ടായിരുന്നത് എന്നിരുന്നിട്ടും പാര്‍ലമെന്റില്‍ ജനാധിപത്യത്തിന് വേണ്ടി ശബ്ദമുയര്‍ത്തി. കേരളത്തിലേത് പോലെ മതേതരത്വം നിലനിര്‍ത്തുന്നതിന് ജനങ്ങള്‍ ഇടതുപക്ഷത്തിന് വോട്ട് രേഖപ്പെടുത്തുമെന്ന് തന്നെയാണ് കരുതുന്നത്.