പെഗസിസ് ഫോൺ ചോർത്തൽ: വിവരങ്ങൾ നൽകാൻ കഴിയില്ലെന്ന കേന്ദ്ര നിലപാട് നിർഭാഗ്യകരമെന്ന് സുപ്രിംകോടതി

പെഗാസസ് ഫോണ്‍ ചോര്‍ത്തലില്‍ മൂന്ന് ദിവസത്തിന് ശേഷം ഇടക്കാല ഉത്തരവിറക്കുമെന്ന് സുപ്രീംകോടതി. ഇതിനുള്ളില്‍ കേന്ദ്രത്തിന് പറയാനുള്ളത് പറയാമെന്നും കോടതി വ്യക്തമാക്കി. അതേസമയം പെഗാസസ് ഉപയോഗിച്ചോ ഇല്ലയോ എന്ന് സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കാൻ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചു.

സത്യവാങ്മൂലം നല്‍കാന്‍ കഴിയില്ലെങ്കില്‍ ഇടക്കാല ഉത്തരവിറക്കേണ്ടി വരുമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മാധ്യമപ്രവർത്തകരുടേയും ആക്ടിവിസ്റ്റുകളുടേയും ഫോണ്‍ ചോർത്തിയിട്ടുണ്ടോയെന്ന് അറിയണമെന്നും കോടതി പറഞ്ഞു. കോടതിയെ പോലും കാര്യങ്ങള്‍ അറിയിക്കില്ലെന്ന കേന്ദ്രനിലപാട് അവിശ്വസനീയമെന്ന് ഹരജിക്കാർ വാദിച്ചു.

“മറയ്ക്കാനൊന്നുമില്ല. എന്നാല്‍ ദേശീയ സുരക്ഷ പരിഗണിച്ച് സത്യവാങ്മൂലത്തിലൂടെ വിശദീകരിക്കാനാവില്ല. എന്ത് സോഫ്‌റ്റ്‌വെയറാണ് ഉപയോഗിക്കുന്നതെന്ന് തീവ്രവാദികളെ അറിയിക്കാൻ കഴിയില്ല”- സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു.

ദേശസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ വെളിപ്പെടുത്തേണ്ട. പക്ഷേ രാഹുല്‍ ഗാന്ധി, മാധ്യമപ്രവര്‍ത്തകര്‍, ആക്റ്റിവിസ്റ്റുകള്‍ തുടങ്ങിയവരുടെ ഫോണുകള്‍ ചോര്‍ത്തിയെന്ന പരാതിയിലാണ് സത്യവാങ്മൂലം വേണ്ടതെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. “ഞങ്ങൾക്ക് അറിയേണ്ടത് പെഗാസസ് ഉപയോഗിച്ചിരുന്നോ എന്നാണ്. ദേശ സുരക്ഷയെ അപകടത്തിലാക്കാന്‍ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പെഗാസസ് ഉപയോഗിച്ച് സാധാരണ പൗരന്മാരെ ലക്ഷ്യമിട്ടിട്ടുണ്ടെങ്കില്‍ അത് വളരെ ഗൗരവമുള്ളതാണ്” – കപില്‍ സിബല്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *