കോഴിക്കോട് പട്ടാപ്പകല്‍ പീഡനശ്രമം, ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍


കോഴിക്കോട്: കോഴിക്കോട് നഗരത്തെ ഞെട്ടിച്ച്‌ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം. വൈഎംസിഎ റോഡിലൂടെ പോകുകയായിരുന്ന യുവതിയെയാണ് യുവാവ് കടന്ന് പിടിച്ചത്. പീഡനശ്രമം തൊട്ടടുത്ത സി.സി.ടി.വിയില്‍ പതിയുകയായിരുന്നു. സോഷ്യല്‍മീഡിയയിലൂടെ വീഡിയോ പുറത്ത് വന്നതോടെ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.


വൈ.എം.സി.എ റോഡില്‍ ബുധനാഴ്ച വൈകിട്ടാണ് സംഭവം നടക്കുന്നത്. വിജനമായ വഴിയിലൂടെ നടന്ന് പോകുകയായിരുന്ന യുവതിയെ പിന്തുടര്‍ന്നെത്തിയ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. യുവതി നിലത്ത് വീഴുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. യുവതി ബഹളം വെച്ചതോടെ ഇയാള്‍ പിറകിലേക്ക് ഓടി മറയുകയായിരുന്നു.


പ്രതിയെ കുറിച്ച്‌ പൊലീസിന്‌ഏകദേശ വിവരം ലഭിച്ചതായാണ് സൂചന. എന്തായാലും പട്ടാപ്പകല്‍ റോഡിലെ പീഡനശ്രമം നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. പ്രതിയെ കണ്ടെത്താന്‍ വേണ്ടി സോഷ്യല്‍ മീഡിയയിലൂടെയും ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്താണ് ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നത്.



Sharing is Caring