മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. ഇരുസഭകളിലും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം. കോണ്‍ഗ്രസ് എംപിമാരോട് കറുത്ത വസ്ത്രം ധരിച്ച് എത്താന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ നിര്‍ദേശം നല്‍കി. രാജ്യസഭാംഗങ്ങള്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കി. രാവിലെ 11 മണി മുതല്‍ സഭ പിരിയും വരെ എല്ലാവരും സഭയില്‍ ഹാജരായിരിക്കണം എന്നാണ് വിപ്പ്.
പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കണമെന്നും വിപ്പില്‍ നിര്‍ദേശം നല്‍കി. പ്രധാനപ്പെട്ട വിഷയം ചര്‍ച്ചയ്ക്ക് എടുക്കുന്നതിനാലാണ് നിര്‍ദേശമെന്നും വിപ്പില്‍ പറയുന്നു.കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിപക്ഷം ബുധനാഴ്ച നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള അംഗീകരിച്ചിരുന്നു. അടുത്തയാഴ്ചയാണ് പ്രമേയത്തില്‍ ചര്‍ച്ച നടക്കുക.

കോണ്‍ഗ്രസ് എംപി ഗൗരവ് ഗൊഗോയിയും ബിആര്‍എസ് എംപി നമോ നാഗേശ്വര്‍ റാവുവുമാണ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയത്.അവിശ്വാസ പ്രമേയ നോട്ടീസില്‍ അടുത്തയാഴ്ച ചര്‍ച്ചയ്ക്ക് തയ്യാറെന്നാണ് ബിജെപി സ്പീക്കറെ അറിയിച്ചിരിക്കുന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ അംഗസംഖ്യ തെളിയിക്കാനല്ല, മണിപ്പൂരിന് നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഗൗരവ് ഗൊഗോയി പറഞ്ഞിരിക്കുന്നത്.
പ്രതിപക്ഷത്തിന് 2023ലും അവിശ്വാസത്തിന് താന്‍ അവസരം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ തെരഞ്ഞെടുപ്പിന് മുമ്പ് പറഞ്ഞതിന്റെ വീഡിയോ പ്രചരിപ്പിച്ച് ബിജെപി പ്രതിപക്ഷ നീക്കത്തെ പരിഹസിച്ചു. നരേന്ദ്ര മോദി അവിശ്വാസ പ്രമേയത്തെ നേരിടാന്‍ പോകുന്നത് ഇത് രണ്ടാം തവണയാണ്.













