തെരുവുനായ്‌ക്കളെ നിയന്ത്രിക്കാന്‍ പുതിയ പദ്ധതിയുമായി പാലക്കാട് നഗരസഭ. നായ്‌ക്കളെ നിയന്ത്രിക്കുകയും വന്ധ്യംകരിച്ച തെരുവ് നായ്‌ക്കളെ പരിപാലിക്കുന്നതിനുമായാണ് പദ്ധതി കൊണ്ടു വരുന്നത്.
പ്രൈവറ്റ് കെന്നല്‍സ് എന്ന ഈ പദ്ധതിക്ക് 10 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം കിട്ടിയ പ്രൈവറ്റ് കെന്നല്‍സ് സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്ഥാപനം നടപ്പിലാക്കുന്നത്.

സാധാരണയായി നായ്‌ക്കളെ വന്ധ്യംകരിച്ച ശേഷം പിടിച്ച ഇടങ്ങളിലേക്ക് തന്നെ കൊണ്ട് വിടും. ഇതുമൂലം പ്രജനനം ഇല്ലാതായി എന്ന് മാത്രമെ പറയാന്‍ സാധിക്കുകയുള്ളു. ഈ സാഹചര്യത്തിലാണ് പ്രൈവറ്റ് കെന്നല്‍സ് പദ്ധതി പാലക്കാട് നഗരസഭ മുന്നോട്ട് വച്ചത്.
പദ്ധതി വഴി വന്ധ്യംകരിക്കുന്ന നായ്‌ക്കളെ പ്രത്യേക കേന്ദ്രത്തിലേക്ക് മാറ്റും. തുടര്‍ന്ന് ഈ നായ്‌ക്കളെ ആര്‍ക്കെങ്കിലും നോക്കാന്‍ താത്പര്യം ഉണ്ടെങ്കില്‍ അവരെ ഏല്‍പ്പിക്കും. ഇവയുടെ ഭക്ഷണം, ചികിത്സ എന്നിവയ്‌ക്കുള്ള നിശ്ചിത തുക നഗരസഭ നല്‍കും. തെരുവ് നായ്‌ക്കളെ പോറ്റുന്നവരെ ഉള്‍പ്പെടുത്തി പ്രൈവറ്റ് കെന്നല്‍സ് ജനകീയ മാതൃകയാക്കാനാണ് നഗരസഭ ആലോചിക്കുന്നത്.













