ഓസ്‌കാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വില്‍ സ്മിത്തിന് 10 വര്‍ഷത്തെ വിലക്ക്


ലോസ് ഏഞ്ചല്‍സ്: ഓസ്‌കാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വില്‍ സ്മിത്തിന് 10 വര്‍ഷത്തെ വിലക്ക്. 2022 ഏപ്രില്‍ എട്ട് മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്. ഓസ്‌കാര്‍ വേദിയില്‍ അവതാരകനെ തല്ലിയ സംഭവത്തിന് പിന്നാലെയാണ് വലിയ നടപടിയുമായി അക്കാദമി രംഗത്തെത്തിയിരിക്കുന്നത്.


അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ, നേരിട്ടോ ഫലത്തിലോ അക്കാദമി പരിപാടികളിലും പങ്കെടുക്കാന്‍ സ്മിത്തിനെ അനുവദിക്കില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. അക്കാദമി പ്രസിഡന്റ് ഡേവിഡ് റൂബിനും സിഇഒ ഡോണ്‍ ഹഡ്സണും വെള്ളിയാഴ്ച പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം. ലോസ് ഏഞ്ചല്‍സില്‍ ഇന്ന് ചേര്‍ന്ന അക്കാദമിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് യോഗത്തിലാണ് തീരുമാനം.

online news portal

ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡ് ദാന ചടങ്ങിനെ നാടകീയമാക്കിയ സംഭവമായിരുന്നു മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട വില്‍ സ്മിത്തിന്റെ വേദിയിലെ അപ്രതീക്ഷിത പെരുമാറ്റം. ഭാര്യ ജെയ്ഡ പിന്‍കറ്റിന്റെ രോഗാവസ്ഥയെ സൂചിപ്പിച്ച് അവതാരകനായ ക്രിസ് റോക്ക് പറഞ്ഞ തമാശയില്‍ നിയന്ത്രണം നഷ്ടപ്പെട്ട സ്മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്റെ മുഖത്തടിക്കുകയായിരുന്നു. ഒരു നിമിഷം സ്തബ്ധനായ ക്രിസ് മനസാന്നിധ്യം വീണ്ടെടുത്ത് പരിപാടി തുടരുകയായിരുന്നു.

ഈ സംഭവത്തിനു ശേഷമായിരുന്നു വില്‍ സ്മിത്തിനെ മികച്ച നടനായി തെരഞ്ഞെടുത്തുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ തന്നെ തന്റെ പെരുമാറ്റത്തിന് സ്മിത്ത് മാപ്പ് ചോദിച്ചിരുന്നു. പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ഒരു വിശദമായ കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.



Sharing is Caring