യുക്രൈന്‍ തലസ്ഥാനമായ കീവിലെ ചരിത്ര മൊണാസ്ട്രിയില്‍ നിന്ന് ഒഴിഞ്ഞു പോകില്ലെന്ന് ഓര്‍ത്തഡോക്‌സ് പുരോഹിതര്‍. റഷ്യയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന നൂറുകണക്കിന് വൈദികരെയും സന്യാസിമാരെയും വിദ്യാര്‍ത്ഥികളെയും പുറത്താക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. സമുച്ചയം ഒഴിയാനുള്ള സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് ഓര്‍ത്തഡോക്‌സ് സഭാ നിലപാട് വീണ്ടും വ്യക്തമാക്കിയത്.
കഴിഞ്ഞ വര്‍ഷം റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് മോസ്‌കോ പാത്രിയാര്‍ക്കേറ്റില്‍ നിന്ന് വേര്‍പിരിഞ്ഞ യുക്രൈനിലെ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ (യുഒസി) ആസ്ഥാനമാണ് പെച്ചെര്‍സ്‌ക് ലാവ്ര. ചില ഉന്നത പുരോഹിതന്മാര്‍ മോസ്‌കോയിലെ സഭയുമായി ബന്ധം പുലര്‍ത്തുന്നുണ്ടെന്നാണ് യുക്രൈന്‍ ഉദ്യോഗസ്ഥരുടെ സംശയം. എന്നാല്‍ ഇത് സഭാ പൂര്‍ണമായും നിഷേധിക്കുകയാണ്. ഇതിനിടെ രണ്ടാഴ്ചയ്ക്കുള്ളില്‍ സമുച്ചയം ഒഴിഞ്ഞു പോകണമെന്ന് യുഒസിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

സമയപരിധി ബുധനാഴ്ച അവസാനിച്ചെങ്കിലും വൈദികര്‍ അനങ്ങിയില്ല. സമുച്ചയത്തിന്റെ വാടക കരാറില്‍ കമ്മീഷന്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് യുക്രൈന്‍ സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ ഈ മാസം ആദ്യം സര്‍ക്കാര്‍ പ്രഖ്യാപിച്ച കരാര്‍ പുറത്താക്കലിന് നിയമപരമായ കാരണങ്ങളൊന്നുമില്ലെന്ന് യുഒസി പ്രസ് ഓഫീസിലെ മെട്രോപൊളിറ്റന്‍ ക്ലെമന്റ് ആരോപിച്ചു. യുക്രൈനിലെ ഒരു സജീവ രാഷ്ട്രീയ വിഷയം കൂടിയാണിത്.













