ഒറ്റയാന്‍ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടികൂടാന്‍ ഉത്തരവിട്ടതിന്റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരും. കാട്ടാനയെ വെടിവയ്ക്കുന്നതിനു മുന്നോടിയായിയുള്ള ഒരുക്കങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം. ഓണ്‍ലൈന്‍ ആയാണ് യോഗം ചേരുന്നത്.
മൂന്നാര്‍ ഡി.എഫ്.ഒ ഹൈറേഞ്ച് സര്‍ക്കിള്‍ സി.സി.എഫ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍ അരുണ്‍ സക്രിയ തുടങ്ങിയവര്‍ പങ്കെടുക്കും.കഴിഞ്ഞ ദിവസമാണ് ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ഒറ്റയാനെ മയക്കുവെടിവച്ച് പിടികൂടുന്നതിന് അനുമതി ലഭിച്ചത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ അല്ലെങ്കില്‍ കൂട്ടിലടയ്ക്കുന്നതിനോ ആണ് അനുമതി നല്‍കിയിട്ടുള്ളത്. കുങ്കിയാനകളുടെ സേവനം ആവശ്യമാകുന്ന പക്ഷം ആയത് ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ലഭ്യമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ 7 വര്‍ഷത്തിനിടെ ദേവികുളം റേഞ്ചില്‍ കാട്ടാനയുടെ ആക്രമണത്തില്‍ 13 പേര്‍ മരണപ്പെടുകയും 3 പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും 24 വീടുകളും 4 വാഹനങ്ങളും നശിപ്പിക്കുകയും വ്യാപകമായ കൃഷിനാശം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് അരിക്കൊമ്പനെ തളയ്ക്കുന്നതിനുള്ള നടപടി സ്വീകരിച്ചത്.













