കോഴിക്കോട്: സലീംരാജ് ഉള്‍പ്പെട്ട കടകംപള്ളി ഭൂമിദാന കേസ് സി ബി ഐക്ക് വിട്ട ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിസ്ഥാനം രാജിവെക്കണമെന്ന് സി പി എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍.
മുന്‍ ഗണ്‍മാനായ സലിം രാജിനെ മുഖ്യമന്ത്രി കണ്ണടച്ച് സംരക്ഷിക്കുകയാണെന്ന് കോടതിയുടെ പരാമര്‍ശത്തോടെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട കേസിന് മുഖ്യമന്ത്രി തന്നെ മറുപടി പറയണമെന്നാണ് ഹൈക്കോടതിയുടെ പരാമര്‍ശം. മുഖ്യമന്ത്രിക്കേറ്റ കനത്ത പ്രഹരമാണിത്. ഇതിന്റെ ധാര്‍മ്മികത ഏറ്റെടുത്ത് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും അദ്ദേഹം മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
ദേശീയതലത്തില്‍ കോണ്‍ഗ്രസ് ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ തവണ 206 സീറ്റുള്ള കോണ്‍ഗ്രസിന് ഇത്തവണ മൂന്നക്കസംഖ്യ തികയ്ക്കാനാവില്ല. മന്ത്രിമാരും എം പിമാരും വരെ രാജിവെക്കുന്ന സ്ഥിതിയാണ് ദേശീയതലത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ നടക്കുന്നതെന്നും കോടിയേരി വ്യക്തമാക്കി.