കറുത്ത വംശജയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം


കറുത്ത വംശജയായ സ്ത്രീയുടെ കോഫി കപ്പിന് പുറത്ത് അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ സ്റ്റാര്‍ബക്സ് ജീവനക്കാരനെതിരെ നടപടി.പ്രമുഖ കോഫി ബ്രാന്‍ഡായ സ്റ്റാര്‍ബക്സിന്റെ യു എസിലെ മേറിലാന്‍ഡിലുള്ള ശാഖയിലാണ് സംഭവം.


കാപ്പി ഓര്‍ഡര്‍ ചെയ്ത കറുത്ത വംശജയുടെ കപ്പിന് പുറത്ത് കുരങ്ങ് എന്നായിരുന്നു ജീവനക്കാരന്‍ എഴുതിയത്. ഓര്‍ഡര്‍ ചെയ്തയാളുടെ പേര് രേഖപ്പെടുത്തേണ്ട ഇടത്തായിരുന്നു അധിക്ഷേപകരമായ ഈ പരാമര്‍ശം. മോണിക് പഗ് എന്ന വനിതയ്ക്കാണ് ഇങ്ങനെ ഒരു ദുരനുഭവം ഉണ്ടായത്. ഓര്‍ഡര്‍ സ്വീകരിക്കുന്ന സമയത്ത് മോണികിന്റെ പേര് ചോദിച്ചിരുന്നുവെങ്കിലും ലഭിച്ച കോഫി കപ്പിന് പുറത്ത് കുരങ്ങ് എന്നായിരുന്നു എഴുതിയിരുന്നത്. തനിക്ക് മുന്നില്‍ ക്യൂവിലുണ്ടായിരുന്നവരുടെയെല്ലാം പേര് കൃത്യമായി കോഫി കപ്പിന് പുറത്ത് രേഖപ്പെടുത്തിയിരുന്നുയെന്നും ഷോപ്പില്‍ ഈ സമയത്തുണ്ടായിരുന്ന ഒരേയൊരും കറുത്ത വംശജ താനായിരുന്നുവെന്നും മോണിക് പറഞ്ഞു.


കപ്പില്‍ എഴുതിയത് കൗണ്ടറില്‍ ചുണ്ടിക്കാണിച്ചപ്പോള്‍ അയാള്‍ ദേഷ്യപ്പെട്ടാതയും ക്ഷമാപണം നടത്താന്‍ വിസമ്മതിച്ചതായും വനിത പറഞ്ഞു. മോശം പെരുമാറ്റം നടത്തിയ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തതായി സ്റ്റാര്‍ ബക്ക്സ് ഇതിനോടകം പ്രതികരിച്ചിട്ടുണ്ട്.



Sharing is Caring