അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ല; കേരളം 2000 കോടി കടമെടുക്കുന്നു

അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ കേരളം വീണ്ടും കോടികള്‍ കടം എടുക്കുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇക്കുറിയും 2000 കോടിയാണ് കടമെടുക്കുന്നത്. ഈ മാസം ആദ്യം സര്‍ക്കാര്‍ 2000 കോടി കടം എടുത്തിരുന്നു. അടുത്ത മാസത്തെ ശമ്പളവും പെന്‍ഷനും നല്‍കാനാണ് വീണ്ടും കടമെടുക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കേരളത്തിലെ നികുതി വരവ് വര്‍ധിച്ചെങ്കിലും സാഹചര്യം മെച്ചപ്പെട്ടില്ല. കേന്ദ്ര വിഹിതവും ഇക്കുറി ലഭിച്ചിരുന്നു. എന്നിട്ടും ചെലവുകള്‍ നിയന്ത്രിക്കാനാവാത്തതോടെയാണ് വീണ്ടും കടം എടുക്കുന്നത്.

സാമ്പത്തിക വര്‍ഷം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പദ്ധതി ചെലവുകള്‍ക്കും കൂടുതല്‍ പണം വേണം. ജനുവരി മുതല്‍ വാര്‍ഷിക പദ്ധതി ചെലവ് ഉയരും. ഇപ്പോള്‍ ചെലവ് പല വകുപ്പുകളിലും വളരെ താഴെയാണ്. തീരെ ചെലവിടാത്ത വകുപ്പുകളുമുണ്ട്. ബജറ്റിലെ വിഹിതം നഷ്ടപ്പെടാതിരിക്കാന്‍ വകുപ്പുകള്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രഷറി നിയന്ത്രണം കര്‍ശനമായി തുടരുന്നു. ഉയര്‍ന്ന തുകയുടെ ബില്ലുകള്‍ പാസാക്കാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയും നിര്‍ബന്ധമാക്കി. അടുത്ത ബജറ്റ് തയാറാക്കാനുള്ള തയാറെടുപ്പിലാണ് നിലവില്‍ ധനവകുപ്പ്.

കടമെടുക്കാതെ ഒരു മാസവും മുന്നോട്ടു പോകാന്‍ സര്‍ക്കാരിന് നിലവില്‍ ആകുന്നില്ല.. അനാവശ്യ ചെലവുകള്‍ ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളൊന്നും ഇനിയും ഫലപ്രദമായിട്ടില്ല. 2000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നതിന് ധനവകുപ്പ് വിജ്ഞാപനമിറക്കി. ഇതിന്റെ ലേലം നവംബര്‍ 29ന് മുംബൈയിലെ റിസര്‍വ് ബാങ്ക് ഓഫിസില്‍ നടക്കും. തൊട്ടടുത്ത ദിവസം പണം സര്‍ക്കാറിന് ലഭിക്കും. ഇതു ലഭിച്ചാല്‍ ഉടന്‍ ശമ്പളവും പിന്നീട് പെന്‍ഷനും വിതരണം ചെയ്യാാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *