ലൈംഗികാരോപണ കേസില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറി


വാഷിങ്‌ടണ്‍: ലൈംഗികാരോപണ കേസില്‍ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി ന്യൂയോര്‍ക്ക് ഗ്രാന്‍ഡ് ജ്യൂറി.ട്രംപിനോട് അടുത്ത ആഴ്ച കീഴടങ്ങാന്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും. മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണിയുടെ നേതൃത്വത്തില്‍ അഞ്ച് വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.


പോണ്‍ താരം സ്‌റ്റോമി ഡാനിയല്‍സിന് 2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് ട്രംപ് 1,30,000 ഡോളര്‍ നല്‍കിയെന്നാണ് കേസ്. ട്രംപുമായുള്ള ബന്ധം രഹസ്യമായി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പണം നല്‍കിയതെന്നായിരുന്നു ആരോപണം.എന്നാല്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നാണ് ട്രംപ് പണം കൈമാറിയതെന്നും അതുവഴി സാമ്ബത്തിക ക്രമക്കേട് നടത്തിയെന്നുമാണ് പ്രധാന ആരോപണം.


അതേസമയം നടപടി രാഷ്ട്രീയ പകപോക്കലാണെന്ന് ട്രംപ് പ്രതികരിച്ചു. ഇതിനെതിരെ നിയമപരമായി നേരിടുമെന്നും ട്രംപിന്റെ അഭിഭാഷകന്‍ പറഞ്ഞു. തനിക്കെതിരെ കുറ്റം ചുമത്തിയാല്‍ ശക്തമായി പ്രതിഷേധിക്കണമെന്ന് ട്രംപി നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

സ്റ്റോമി ഡാനിയല്‍സുമായി ബന്ധമുണ്ടെന്ന ആരോപണത്തെ ട്രംപ് നിഷേധിച്ചിട്ടുണ്ട്. എന്നാല്‍, താരത്തിന് പണം നല്‍കിയെന്ന് അദ്ദേഹം സമ്മതിച്ചു. തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്നല്ല തന്റെ കൈയില്‍ നിന്നാണ് പണം നല്‍കിയതെന്നാണ് ട്രംപ് പറഞ്ഞത്.



Sharing is Caring