നവവരന്‍ കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി


മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയെ നടുക്കി കൂട്ടക്കൊലപാതകം. നവവരനായ യുവാവ് തന്റെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ജീവനൊടുക്കി.ചിന്ദ്വാര നഗരത്തില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.


പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. കുടുംബം ഉറങ്ങിക്കിടക്കുമ്ബോള്‍ ഭുര എന്ന ദിനേശ് ഗോണ്ട (30) അക്രമം കൊടാലി ഉപയോഗിച്ച്‌ എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ വിവാഹിതനായത്.


അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരന്‍ ശ്രാവണ്‍ കുമാര്‍ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാര്‍വതി (16), കൃഷ്ണ (5), സെവന്തി (4), ദീപ (1) എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുത്തശ്ശി രക്ഷപ്പെട്ടു. അയല്‍വാസിയായി ബന്ധുവിനെയും ആക്രമിച്ചു.

നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ദിനേശ് ഓടി രക്ഷപ്പെട്ടു. പിന്നീട് വീടിന് 100 മീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ആക്രമണത്തിന് പിന്നിലെ കാരണം അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



Sharing is Caring