എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുത്തു

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ പൊളിറ്റ് ബ്യൂറോ അംഗമായി തിരഞ്ഞെടുത്തു. കോടിയേരി ബാലകൃഷ്ണന്റെ ഒഴിവിലേക്കാണ് ഗോവിന്ദനെ തെരഞ്ഞെടുത്തത്. ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ എം.വി.ഗോവിന്ദനെ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പിബിയിലേക്ക് നിര്‍ദേശിച്ചു. കേന്ദ്രകമ്മിറ്റി ഈ തീരുമാനം ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു. നിലവില്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമാണ് എം.വി.ഗോവിന്ദന്‍.

17 അംഗ പിബിയില്‍ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും എം.വി. ഗോവിന്ദന്‍. നിലവില്‍, പിബിയില്‍ സീതാറാം യച്ചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ 3-ാമതാണു പിണറായി. 6-ാമത് കോടിയേരിയും 7-ാമത് എം.എ. ബേബിയുമായിരുന്നു. നിലവിലെ പട്ടികയില്‍ 16- ാമതാണ് എ. വിജയരാഘവന്‍.

തളിപ്പറമ്പ് പരിയാരം ഇരിങ്ങല്‍ യുപി സ്‌കൂളില്‍ കായികാധ്യാപകനായിരിക്കെ സ്വയം വിരമിച്ച് രാഷ്ട്രീയരംഗത്ത് സജീവമായി. അടിയന്തരാവസ്ഥയില്‍ ജയിലിലായി. കടുത്ത പൊലീസ് വേട്ടയ്ക്ക് ഇരയായി. വൈരുധ്യാത്മക ഭൗതികവാദം ഇന്ത്യന്‍ ദര്‍ശനത്തില്‍, സ്വത്വരാഷ്ട്രീയത്തെപ്പറ്റി, ചൈനാ ഡയറി, യുവജനപ്രസ്ഥാനത്തിന്റെ ചരിത്രം ആശയ സമരങ്ങളുടെ പശ്ചാത്തലത്തില്‍, കര്‍ഷക തൊഴിലാളി പ്രസ്ഥാനം ചരിത്രവും വര്‍ത്തമാനവും, കാടുകയറുന്ന ഇന്ത്യന്‍ മാവോവാദം തുടങ്ങിയ പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *