എക്സാലോജിക് വിവാദം വീണ്ടുമുയര്‍ത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് അടുത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പേര് വലിച്ചിഴയ്ക്കാനായാണ് നീക്കം. കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടും.മുഖ്യമന്ത്രിയിലേക്ക് കേസ് എത്തിക്കാനാണ് ശ്രമം. പിന്നില്‍ കൃത്യമായ അജണ്ടയാണ്. കേസുമായ ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ പരാതി നല്‍കിയത് ഷോണ്‍ ജോര്‍ജ് ആണ്. എസ്എഫ്‌ഐഒ കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷോണ്‍ കത്ത് കൊടുത്തത്. പി സി ജോര്‍ജും മകന്‍ ഷോണ്‍ ജോര്‍ജും ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ കേന്ദ്രം എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചു.
ബിജെപിയുടെ രാഷ്ട്രീയ ഇടപെടല്‍ ഇതില്‍ വ്യക്തമാകും.തെരഞ്ഞെടുപ്പ് വരുന്നതോടെ ഇത്തരം കള്ളക്കഥകള്‍ ഉയര്‍ന്നുവരും. തെരഞ്ഞെടുപ്പ് അജണ്ടായിട്ടാണ് കേന്ദ്രവും കേരളത്തിലെ യുഡിഎഫും ഇതിനെ കൈകാര്യം ചെയ്യുന്നത്. കേരളത്തിനെതിരായ സാമ്പത്തിക ഉപരോധത്തിനെതിരെ കേരളം ഡല്‍ഹിയില്‍ നടത്തിയ സമരം ദേശീയ ശ്രദ്ധയാകര്‍ഷിച്ചു. കേന്ദ്രസര്‍ക്കര്‍ ബിജെപി ഇതര സര്‍ക്കാരുകളോട് കാണിക്കുന്ന സാമ്പത്തിക ഉപരോധം രാജ്യം മുഴുവന്‍ ചര്‍ച്ചയാക്കാന്‍ സമര പരിപാടിയിലൂടെ സാധിച്ചു.
കേരളത്തോടുള്ള സാമ്പത്തിക ഉപരോധം രാഷ്ട്രീയ താല്‍പര്യമാണെന്ന് ഇടതുപക്ഷം ആദ്യം മുതല്‍ വ്യക്തമാക്കിയതാണ്. എന്നാല്‍ ബിജെപി സര്‍ക്കാരിനെ കേരളത്തിലെ യുഡിഎഫുകാര്‍ ന്യായീകരിക്കുകയാണ് ചെയ്തത്. അതേസമയം കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ സമരം കേരളത്തിലെ കോണ്‍ഗ്രസിന്റെ പാപ്പരത്വം തുറന്നു കാട്ടി.ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം ലഭിക്കില്ലെന്ന് മനസിലായ ബിജെപി പലകക്ഷികളെയും തങ്ങളിലേക്ക് അടുപ്പിക്കുകയാണ്. ബിഹാറില്‍ നിതീഷ് കുമാര്‍ ബിജെപിയിലെത്തിയതും മധ്യപ്രദേശില്‍ കമല്‍ നാഥുമായുള്ള ചര്‍ച്ചയുമെല്ലാം ഇതിന്റെ ഭാഗമാണ്.
പ്രേമചന്ദ്രന്‍ എംപിയെ മോദിയോടൊപ്പം ഭക്ഷണ വിരുന്നിന് ക്ഷണിച്ചതും ഈ നിലയില്‍ വേണം കാണന്‍. ഭക്ഷണത്തിന് വിളിച്ചാല്‍ പോകാതിരിക്കാനുള്ള സംസ്‌കാരം ഇല്ലെന്നാണ് പ്രേമചന്ദ്രന്‍ പറഞ്ഞത്. എന്നാല്‍ മുഖ്യമന്ത്രി ക്രിസ്തുമസ് വിരുന്നിന് ക്ഷണിച്ചപ്പോള്‍ പോവാതിരുന്നത് ഏത് സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് പ്രേമചന്ദ്രനും യുഡിഎഫും വ്യക്തമാക്കണം. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അഭിപ്രായം പറയണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.