മൂവാറ്റുപുഴയിലെ വാഴവെട്ട് കേസ് : കർഷകന് നഷ്ടപരിഹാരം നൽകും ;മന്ത്രി കൃഷ്ണൻകുട്ടി


തിരുവനന്തപുരം: മൂവാറ്റുപുഴയിലെ വാഴവെട്ട് കേസ് സഭയിലും ഉന്നയിച്ച് പ്രതിപക്ഷം. മനസാക്ഷിയില്ലാത്ത പ്രവൃത്തിയാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ദാരുണമായ സംഭവമാണിതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.ഇത്തരം തെറ്റ് ചെയ്യുന്ന ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കർഷകനുണ്ടായ നഷ്ടം നികത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.


അതേസമയം കർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി. അപകട സാധ്യതകൾ ഒഴിവാക്കാനാണ് വാഴകൾ വെട്ടിയത്. ഉയരം കൂടിയ ഇനത്തിലെ വാഴയാണ് കൃഷി ചെയ്തതെന്നും വൈദ്യുതി മന്ത്രി നിയസഭയിൽ പറഞ്ഞു.വാരപ്പെട്ടി ഇളങ്ങവം കണ്ടംപാറ ഇറിഗേഷന് സമീപം കാവുംപുറത്ത് തോമസിന്റെ സ്ഥലത്ത് കൃഷി ചെയ്തിരുന്ന ഒൻപത് മാസം പ്രായമായ കുലവാഴകളാണ് നശിപ്പിച്ചത്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് മൂലമറ്റത്ത് നിന്നെത്തിയ കെ.എസ്.ഇ.ബി. ജീവനക്കാർ വാഴകൾ വെട്ടിയത്.




Sharing is Caring