മുണ്ടക്കൈ ഉരുള്‍പൊട്ടല്‍;തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവ്. അനധികൃത ഖനനത്തിനും കയ്യേറ്റങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ കൂട്ടുനിന്നുവെന്നും ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണെന്നും ഭൂപേന്ദ്ര യാദവ് പറഞ്ഞു. ‘ഇത് നാണക്കേടുണ്ടാക്കുന്ന കാര്യമാണ്.


പരിസ്ഥിതി ലോല മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. പ്രകൃതിയെ സംരക്ഷിച്ചാല്‍ പ്രകൃതി മനുഷ്യരെയും സംരക്ഷിക്കുമെന്ന്’ വനം മന്ത്രി അഭിപ്രായപ്പെട്ടു.പ്രദേശത്ത് കയ്യേറ്റം തടയാന്‍ നടപടികളുണ്ടായിട്ടില്ല. കയ്യേറ്റത്തിന് പ്രദേശിക രാഷ്ട്രീയ നേതാക്കള്‍ സംരക്ഷണം നല്‍കുന്നുവെന്നും മന്ത്രി വിമര്‍ശിച്ചു. പരിസ്ഥിതി ലോല മേഖലകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ കൃത്യമായ പദ്ധതി തയ്യാറാക്കണം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രം പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.


ഈ കമ്മിറ്റിയെ സംസ്ഥാന സര്‍ക്കാര്‍ അവഗണിക്കുകയാണ്. പരിസ്ഥിതി ലോല മേഖലയില്‍ അനധികൃത ഖനനവും കയ്യേറ്റവും പാടില്ലെന്നും മന്ത്രി പറഞ്ഞു. നല്‍കിയ മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു. ഭാവിയിലെങ്കിലും ഈ രീതിയിലുള്ള ഖനനവും മണ്ണെടുപ്പുമടക്കം ഇല്ലാതാക്കേണ്ടതുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

കേരളത്തിന് ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും പറഞ്ഞിരുന്നു. കനത്ത മഴ കാരണമുള്ള പ്രകൃതിക്ഷോഭ സാധ്യത സംബന്ധിച്ച് കേരളത്തിന് ഏഴുദിവസം മുന്‍പേ മുന്നറിയിപ്പ് നല്‍കിയിരുന്നു എന്നാണ് അമിത് ഷാ കഴിഞ്ഞ ദിവസം രാജ്യസഭയില്‍ പറഞ്ഞത്.


Sharing is Caring