വിചാരണ തടവുകാരെ നഗ്നരാക്കി പരിശോധിക്കരുതെന്ന് മുംബൈ പ്രത്യേക കോടതി വിധി

വിചാരണ തടവുകാരെ നഗ്നരാക്കി പരിശോധിക്കരുതെന്ന് മുംബൈ പ്രത്യേക കോടതി വിധി. പരിശോധനയ്ക്ക് സ്കാനറുകളുപയോഗിക്കണം. നഗ്നരാക്കി പരിശോധിക്കുന്നതും അസഭ്യം പറയുന്നതും മനുഷ്യാവകാശ ലംഘനമെന്നും കോടതി. 1993 ലെ ബോംബെ സ്ഫോടന പരമ്പര കേസിലെ പ്രതിയാണ് കോടതിയെ സമീപിച്ചത്. ഒരോ തവണ കോടതിയിൽ പോയി മടങ്ങിയെത്തുമ്പോഴും തുണി അഴിപ്പിച്ച് പരിശോധിക്കുന്നതായാണ് പരാതി.

വിചാരണത്തടവുകാരനെ നഗ്നനാക്കി പരിശോധന നടത്തുന്നത് സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റുവും മൗലികാവകാശ ലംഘനമാണ്. നഗ്നനാക്കി പരിശോധിക്കുന്നതിന് പകരം സ്കാനറുകളും ഗാഡ്‌ജെറ്റുകളും ഉപയോഗിക്കണമെന്നും മുംബൈ ജയിൽ അധികൃതരോട് കോടതി ഉത്തരവിട്ടു. പ്രതിക്കെതിരെ അസഭ്യം പറയുകയോ അമാന്യമായ ഭാഷ ഉപോയഗിച്ച് സംസാരിക്കുകയോ ചെയ്യരുത്. ഇത് ഉറപ്പാക്കാൻ സൂപ്രണ്ട് ബന്ധപ്പെട്ട സെർച്ചിംഗ് ഗാർഡുകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ നൽകണം. സ്പെഷ്യൽ ജഡ്ജി ബി ഡി ഷെൽക്കെ ഉത്തരവിൽ പറഞ്ഞു.1993-ലെ സ്‌ഫോടനക്കേസ് പ്രതി അഹമ്മദ് കമാൽ ഷെയ്‌ഖിന്റെ പരാതിയിലായിരുന്നു ഉത്തരവ്.

മഹാരാഷ്ട്ര കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്‌ട് ( എംസിഒസിഎ) ജഡ്ജ് ബി ഡി ഷെൽക്കെ ഏപ്രിൽ 10 നാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്. വിശദമായ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുന്നത്. കോടതി നടപടികൾക്ക് ശേഷം ജയിലിലേക്ക് തിരികെ കൊണ്ടുപോകുമ്പോഴെല്ലാം, മറ്റ് തടവുകാർക്കും സ്റ്റാഫ് അംഗങ്ങൾക്കും മുന്നിൽ തന്നെ നഗ്നനാക്കിയ ശേഷം ജയിൽ ഗേറ്റിലെ ഗാർഡുകൾ തന്നെ പരിശോധിക്കാറുണ്ടെന്ന് ഷെയ്ഖ് ആരോപിച്ചിരുന്നു. ഈ രീതി അപമാനകരവും സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നുമായിരുന്നു അപേക്ഷയിൽ പറ‍ഞ്ഞത്. അതേസമയം ഈ ആരോപണങ്ങളെല്ലാം ജയിൽ സൂപ്രണ്ട് നിഷേധിച്ചിരുന്നു.

പ്രതികളോട് ഇത്രയും മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ല. ജയിൽ അധികൃതരെ സമ്മർദത്തിലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തെറ്റായ ഹർജി നൽകിയതെന്നും ജയിൽ സൂപ്രണ്ട് നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. എന്നാൽ പരാതിക്കാരൻ പറയുന്നതിൽ ചില കാര്യങ്ങൾ ശരിയാണെന്നും, നേരത്തെയും ഇത്തരം പരാതികൾ തടവുകാരിൽ നിന്നുണ്ടായിട്ടുണ്ടെന്നും വിലയിരുത്തിയായിരുന്നു കോടതി ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *