മുംബൈ ബലാത്സംഗകേസ്​: അതിവേഗ വിചാരണ ഉറപ്പാക്കും; ഒരു മാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്ന്​ ഉദ്ധവ്​ താക്കറെ

മുംബൈ: മുംബൈയില്‍ യുവതിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ അതിവേഗ വിചാരണ ഉറപ്പാക്കുമെന്ന്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെ. മാനവികതയെ തന്നെ തകര്‍ക്കുന്ന സംഭവമാണ്​ മുംബൈയിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഫാസ്റ്റ്​ട്രാക്ക്​ കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കും. പെണ്‍കുട്ടിക്ക്​ നീതി ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. പ്രതികള്‍ക്ക്​ കനത്ത ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച മുതിര്‍ന്ന പൊലീസ്​ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ കേസിനായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കാന്‍ ഉദ്ധവ്​ താക്കറെ നിര്‍ദേശിച്ചിരുന്നു.

മുംബൈയില്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി കഴിഞ്ഞ ദിവസമാണ്​ മരിച്ചത്​. സാക്കിനാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ശനിയാഴ്ച രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ മോഹിത് ചൗഹാനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇയാള്‍ യുവതിയെ ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും ഇത് കേസില്‍ നിര്‍ണായകമാണെന്നും പോലീസ് പറഞ്ഞു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സാക്കിനാക്കയിലെ ഖൈരാനി റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ യുവതിയെ കണ്ടെത്തിയത്. അബോധാവസ്ഥയിലായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായെന്ന് വ്യക്തമായത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *