ചൈനയിലെ 60 ശതമാനത്തിലധികം പേരും കൊറോണ ബാധിതരാകും;ആരോഗ്യ വിദഗ്ധര്‍


ബീജിംഗ്: കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിന് പിന്നാലെ ചൈനയില്‍ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്.കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ക്കിടെ ചൈനയിലെ ആശുപത്രികള്‍ മുഴുവന്‍ രോഗബാധിതരെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് മുതിര്‍ന്ന എപ്പിഡെമിയോളജിസ്റ്റും ആരോഗ്യ വിദഗ്ധനുമായ എറിക് ഫെയ്ഗല്‍ ഡിംഗ് ആരോപിച്ചു.


ചൈനയിലെ 60 ശതമാനത്തിലധികം പേരും ഭൂമിയിലെ ജനസംഖ്യയുടെ 10 ശതമാനവും അടുത്ത 90 ദിവസത്തിനുള്ളില്‍ രോഗബാധിതരാകാന്‍ സാധ്യതയുണ്ടെന്നാണ് എറിക് പറയുന്നത്‌.ലക്ഷക്കണക്കിന് ആളുകള്‍ കൊറോണ ബാധിച്ച്‌ മരിക്കുമെന്നും എറിക് പറയുന്നു. അതേസമയം നവംബര്‍ 19നും 23നും ഇടയില്‍ നാല് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ചൈനയില്‍ കൊറോണ മരണങ്ങള്‍ സംഭവിച്ചതായി സര്‍ക്കാര്‍ പറയുന്നില്ല.


എന്നാല്‍ ബീജിംഗിലെ ഡോങ്ജിയാവോ ശ്മശാനത്തില്‍ ശവസംസ്‌കാരത്തിന് എത്തിക്കുന്ന ആളുകളുടെ എണ്ണത്തില്‍ വലിയ കുതിച്ചു ചാട്ടം ഉണ്ടായെന്നും അവിടെ ജോലി ചെയ്യുന്നവര്‍ പറയുന്നു. കൊറോണ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ കുതിച്ചു ചാട്ടമെന്നും ഇവര്‍ ആരോപിക്കുന്നു.’ രോഗം വന്ന് ആരെങ്കിലും മരിക്കുകയാണെങ്കില്‍ മരിക്കട്ടെ എന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിന്തിക്കുന്നത്.

കൊറോണ രോഗം ബാധിക്കുന്ന നിരവധി പേരുടെ മൃതദേഹങ്ങളാണ് ഇവിടെ എത്തിക്കുന്നത്. അര്‍ദ്ധരാത്രിയില്‍ വരെ ജോലി ചെയ്താലും തീരാത്ത സാഹചര്യമാണ്. 30-40 മൃതദേഹങ്ങളാണ് നേരത്തെ എത്തിയിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 200ഓ അതിലധികമോ ആയി ഉയര്‍ന്നിരിക്കുകയാണ്. ഇവിടെ ജോലി ചെയ്യുന്നവരില്‍ പലര്‍ക്കും രോഗബാധ ഉണ്ടായതായും’ ഇവര്‍ പറയുന്നു.



Sharing is Caring