റഫാ ഗേറ്റ് തുറന്നതോടെ ആദ്യ ദിവസം 400 ലേറെ പേര്‍ ഗാസാ അതിര്‍ത്തി കടന്നു. 335 വിദേശ പൗരന്മാരും ഇസ്രയേല്‍ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ 76 പേരുമാണ് ആദ്യഘട്ടത്തില്‍ ഈജിപ്തിലെത്തിയത്. ബ്രിട്ടണ്‍, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാരും, എന്‍ജിഒകളില്‍ പ്രവര്‍ത്തിക്കുന്ന വിദേശികളുമാണ് ഗാസ വിട്ടത്.
ഇനി എത്ര പേര്‍ക്ക് അനുമതി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ല. ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണം തുടരുകയാണ്. ജബലിയ ദുരിതാശ്വാസ ക്യാമ്പില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മരണം 200 ആയി. 120 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. പലരും കെട്ടിടത്തിനടിയില്‍ കുടുങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഹമാസ് ആക്രമണത്തില്‍ 24 മണിക്കൂറിനിടെ 16 സൈനികര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സ്ഥിരീകരിച്ചു.














