ഒരു മോഹന്‍ലാല്‍ ചിത്രം കൂടി നൂറുകോടി ക്ലബ്ബിലേക്ക്. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ‘നേര്’ ആണ് ബോക്‌സ് ഓഫീസില്‍ മോഹന്‍ലാലിന്റെ പേരില്‍ പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുന്നത്.മലയാളത്തില്‍ നിന്നും മറ്റൊരു നടനും ലഭിച്ചിട്ടില്ലാത്ത റെക്കോര്‍ഡാണിത്.
റിലീസ് ചെയ്ത് 25 ദിവസത്തിനുള്ളില്‍ നൂറ് കോടി ക്ലബ്ബില്‍ എത്തി നേട്ടം കൊയ്തിരിക്കുകയാണ് ചിത്രം. 100 കോടി നേടിയ സന്തോഷം ആശിര്‍വാദ് സിനിമാസിന്റെ പേജില്‍ പങ്കുവച്ചിട്ടുണ്ട്. ഒ.ടി.ടി അവകാശവും സാറ്റലൈറ്റ് അവകാശവും വിറ്റ തുകയ്ക്ക് പുറമേയാണ് 100 കോടി നേടിയത്.
ചിത്രം ദക്ഷിണേന്ത്യന്‍ ഭാഷകളിലും ആന്റണി പെരുമ്ബാവൂരും മകന്‍ ആഷിഷ് ജോ ആന്റണിയും ചേര്‍ന്ന് റീമേക്ക് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളും എത്തുന്നുണ്ട്. അഭിഭാഷകനായെത്തുന്ന മോഹന്‍ലാലിന്റെ ത്രസിപ്പിക്കുന്ന പ്രകടനമായിരുന്നു നേരില്‍ കണ്ടത്. അനശ്വര രാജന്റെ കഥാപാത്രവും കൈയ്യടി നേടിയിരുന്നു.
ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാര്‍, നന്ദു, മാത്യു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, കലേഷ്, കലാഭവന്‍ ജിന്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനില്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.
അതേസമയം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തിയേറ്റര്‍ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓണ്‍ലൈനില്‍ സ്ട്രീം ചെയ്യുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി അനൗണ്‍സ് ചെയ്തിട്ടില്ല.
അതേസമയം, ആറാട്ട്, 12ത് മാന്‍, മോണ്‍സ്റ്റര്‍, എലോണ്‍ എന്നിങ്ങനെ നിരവധി ഫ്ളോപ്പ് ചിത്രങ്ങള്‍ക്ക് ശേഷം മോഹന്‍ലാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായിരിക്കുകയാണ് നേര്. ‘മലൈകോട്ടൈ വാലിബന്‍’ ആണ് മോഹന്‍ലാലിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്ന ചിത്രം. ജനുവരി 25ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.