ജെ കെ
സിനിമയിൽ നിരന്തരം അഭിനയിക്കുന്നു. സിനിമ നൽകിയ അംഗീകാരങ്ങളും താരത്തിളക്കവും അലങ്കാരമായി തലയിലേറ്റുന്നു. വൻ പ്രതിഫലം വാങ്ങി ആർഭാടപൂർവം ജീവിക്കുന്നു. മോഹൻലാൽ എന്ന വ്യക്തിയുടെ ജീവിതം തന്നെ സിനിമയാണ്. എന്നാൽ ആ സിനിമാ മേഖലയോട് ഒരിറ്റ് സ്നേഹമെങ്കിലും അദ്ദേഹത്തിനുണ്ടോ എന്ന് ചോദിച്ചാൽ ഇല്ലെന്ന് തന്നെയാവും ഉത്തരം. തന്റെ മേഖല സിനിമ തന്നെയാണോയെന്ന് ഇപ്പോഴും അറിയില്ലെന്നാണ് ഓരോ അഭിമുഖത്തിലും ലാൽ പറയാറുള്ളത്. അതെന്തെങ്കിലും ആവട്ടെ. സിനിമാ നടനായി ഇത്രയും കാലം മുന്നോട്ടുപോയ മോഹൻലാലിന് ഇഷ്ടമില്ലാത്ത കാര്യമെന്തെന്ന് ചോദിച്ചാൽ ഒരുത്തരമേ ഉണ്ടാവു. സിനിമ കാണുന്നത് തന്നെ എന്നാണ് ആ ഉത്തരം.
കല്യാണ വീടുകളിൽ ഭക്ഷണം പാകം ചെയ്യാൻ വരുന്ന ആളുകളെ കണ്ടിട്ടുണ്ടോ. സദ്യയൊക്കെ ഉണ്ടാക്കിയ ശേഷം അവർ അത് കഴിക്കാതെയാവും അവർ ആ വീട്ടിൽ നിന്നും മടങ്ങുക. അത്രയും നേരം തീയും പുകയും കൊണ്ട് സദ്യയുടെ മണം ആസ്വദിച്ച് ജോലി ചെയ്യുന്ന അവർക്ക് സദ്യ കഴിക്കാനുള്ള താത്പര്യം നഷ്ടപ്പെട്ടിരിക്കാം. പക്ഷെ അവർ മറ്റൊരിടത്തു നിന്ന് നല്ലൊരു ഭക്ഷണം കഴിച്ചാൽ അതുണ്ടാക്കിയ ആളെ അഭിനന്ദിക്കാൻ മറക്കാറില്ല. ഇതേ പോലെ ഒരു കഥാപാത്രമായി ദിവസങ്ങളോളം ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്ന ഒരു നടന് ചിലപ്പോൾ തന്റെ ആ സിനിമ പുറത്തിറങ്ങുമ്പോൾ കാണാൻ താത്പര്യമുണ്ടാവില്ല. എന്നാൽ താനഭിനയിക്കാത്ത ഒരു സിനിമ അദ്ദേഹം താത്പര്യപൂർവം കാണുകയും ചെയ്യും. എന്നാൽ മോഹൻലാലിന്റെ കാര്യം നോക്കു. താനഭിനയിച്ച സിനിമകൾ മാത്രമല്ല, മറ്റൊരു നടന്റെ സിനിമ പോലും കാണാൻ അദ്ദേഹത്തിന് ആഗ്രഹമില്ല.
വർഷങ്ങൾക്ക് മുമ്പ് ഒരു ദേശീയ മാധ്യമം നടൻമാരോട് അവർക്കിഷ്ടമുള്ള പത്ത് സിനിമകൾ തെരഞ്ഞെടുക്കാൻ പറഞ്ഞിരുന്നു. മമ്മൂട്ടി ഉൾപ്പെടെ പല നടൻമാരും അവർക്കിഷ്ടമായ പത്ത് സിനിമകൾ തെരഞ്ഞെടുത്തു. മമ്മൂട്ടിയുടെ തെരഞ്ഞെടുപ്പിൽ ഉൾപ്പെടെ പല സിനിമകളും മോഹൻലാലിന്റേതായിരുന്നു. സമീപകാലത്ത് ഇറങ്ങിയ നിരവധി ചിത്രങ്ങളും അതിലുണ്ടായിരുന്നു. എന്നാൽ മോഹൻലാലിന്റെ തെരഞ്ഞെടുപ്പായിരുന്നു രസകരം. പത്തിൽ ആറ് ചിത്രങ്ങളും അദ്ദേഹത്തിന്റെ തന്നെ ചിത്രങ്ങളായിരുന്നു. കൂടാതെയുള്ള ചിത്രങ്ങളിൽ ഒന്ന് അമിതാബ് ബച്ചന്റെ ഒരു പഴയ സിനിമയും എത്രയോ കാലം മുമ്പിറങ്ങിയ ചെമ്മീനും പിന്നെ കൗമാരക്കാലത്തോ മറ്റോ കണ്ട എംജി ആറിന്റെ ഉലകം ചുറ്റും വാലിബൻ എന്നൊരു തമിഴ് ചിത്രവും. മോശമല്ലേ എന്നതുകൊണ്ടാവും ഒരു മമ്മൂട്ടി ചിത്രത്തിന്റെ പേരും അദ്ദേഹം പറഞ്ഞിരുന്നു. ആ സിനിമ കണ്ടിട്ടാണോ പറഞ്ഞതെന്ന് അറിയില്ല. തന്റെ തന്നെ സിനിമകളെക്കുറിച്ചും കണ്ടിട്ടാണ് പറഞ്ഞത് എന്നും കരുതാൻ വയ്യ. താൻ സിനിമയിൽ എത്തുന്നതിന് മുമ്പ് കുട്ടിക്കാലത്തോ കൗമാരക്കാലത്തോ കണ്ട സിനിമകളായിരുന്നു ലാൽ പറഞ്ഞ മറ്റ് നടൻമാരുടെ ചിത്രങ്ങൾ എന്നതാണ് ഏറ്റവും കൗതുകകരം.
മോഹൻലാലിനൊപ്പം നടത്തിയ ഒരു യാത്രയെക്കുറിച്ച് അദ്ദേഹത്തിന്റെ സുഹൃത്തായ മാധ്യമ പ്രവർത്തകൻ എഴുതിയത് വായിച്ചിരുന്നു. ഹോട്ടൽ മുറിയിലെ ടിവിയിൽ കണ്ട വരവേൽപ് എന്ന ചിത്രം വളരെ ആകാംക്ഷയോടെ കാണുന്ന ലാലിനോട് പഴയ സിനിമയല്ലേ എന്താ ഇപ്പോഴും ഇത്ര ആകാംക്ഷ എന്ന് സുഹൃത്ത് ചോദിച്ചപ്പോൾ ‘സത്യം പറയാമല്ലോ. . ഞാനാദ്യമായിട്ടാണ് ഈ സിനിമ കാണുന്നത്’ എന്നായിരുന്നു ലാലിന്റെ മറുപടി. മമ്മൂട്ടി, രജനീകാന്ത്, കമൽഹാസൻ, അമിതാബ് ബച്ചൻ തുടങ്ങി രാജ്യത്തെ പ്രമുഖരും അല്ലാത്തവരുമായ നടൻമാരെല്ലാം പല സിനിമകളെക്കുറിച്ചും സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. ലാലിന്റെ അഭിനയത്തെക്കുറിച്ച് ഇവരെല്ലാം യാതൊരു മടിയുമില്ലാതെ തുറന്നു പറയും. മോഹൻലാലാണ് ഏറ്റവും മികച്ച നടൻ എന്ന തരത്തിലുള്ള അഭിപ്രായ പ്രകടനങ്ങളും ഇവരിൽ പലരും നടത്തിയിട്ടുണ്ട്. പുതിയ സിനിമകളെയും സിനിമാ പ്രവർത്തകരെയും അഭിനന്ദിക്കാനും അംഗീകരിക്കാനും ഇവരാരും മടിക്കാറില്ല. എന്നാൽ ഏതെങ്കിലും ഒരു നടന്റെ അഭിനയ മികവിനെപ്പറ്റി ലാൽ പറയുന്നത് ഇതുവരെ കേട്ടിട്ടുണ്ടോ. തന്റെ കൂടെ അഭിനയിച്ച നെടുമുടി വേണു, ഭരത് ഗോപി, ഇന്നസെന്റ് പോലെ ചിലരെക്കുറിച്ച് പറയുന്നത് കേൾക്കാമെന്നതിനപ്പുറം തനിക്കൊപ്പം എത്തിയവരെക്കുറിച്ചോ പുതു തലമുറയിലെ നടൻമാരെക്കുറിച്ചോ ഇന്നു വരെ ലാൽ ഒന്നും പറഞ്ഞിട്ടില്ല. എന്തിന് ലൂസിഫറും എമ്പുരാനും സമ്മാനിച്ച പൃഥ്വിരാജിന്റെ വരെ ഒരു സിനിമ ലാൽ കണ്ടതായി തോന്നുന്നില്ല. ആടുജീവിതത്തിന്റെ ട്രെയ്ലർ ലോഞ്ചിന് പോയി അഭിപ്രായം പറഞ്ഞ അദ്ദേഹം ആ സിനിമ ഇറങ്ങിയതിന് ശേഷം ഒരക്ഷരം ആ സിനിമയെപ്പറ്റി മിണ്ടിയിട്ടില്ല.
ലാലിനോട് ഫഹദ് ഫാസിലിനെക്കുറിച്ച് പറഞ്ഞു. അവന്റെ സിനിമയൊന്നും അദ്ദേഹം കണ്ടിട്ടില്ല. രണ്ടു മൂന്നു പടത്തിന്റെ കോപ്പി കൊടുത്തുവിട്ടിട്ടുണ്ട് എന്ന് പറഞ്ഞത് ഫഹദ് ഫാസിലിന്റെ പിതാവായ ഫാസിലാണ്. തന്നെ വെള്ളിത്തിരയിൽ സജീവമാക്കിയ ഗുരുനാഥന്റെ മകന്റെ ഒരു സിനിമ പോലും കാണാൻ ലാലിന് തോന്നിയില്ല എന്നിടത്താണ് സിനിമയോടുള്ള ലാലിന്റെ താത്പര്യക്കുറവ് വ്യക്തമാകുന്നത്. ലാലിന്റെ പടം കണ്ട് അദ്ദേഹത്തോട് അഭിപ്രായം പറയാറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടിയോട് നിങ്ങളുടെ പടം കണ്ട് ലാൽ വിളിക്കാറുണ്ടോ എന്ന് മാധ്യമ പ്രവർത്തകർ ചോദിക്കുമ്പോൾ അവൻ അങ്ങിനെ സിനിമയൊന്നും കാണാറില്ലെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.
സിനിമ കാണാൻ സമയം കിട്ടാറില്ലെന്നതാണ് ലാലിന്റെ പ്രയാസം. ലോകം മുഴുവൻ സഞ്ചരിക്കാനും മണിക്കൂറുകളോളം ഭക്ഷണ പരീക്ഷണങ്ങൾ നടത്താനും ഒക്കെ സമയം കിട്ടുന്ന ആൾക്കാണ് രണ്ടര മണിക്കൂർ ഒരു സിനിമ കാണാൻ സമയം തികയാത്തത്. എമ്പുരാൻ സ്ലോ ആണോ ആവുമോ എന്ന് ചോദിക്കുന്ന ഒരു തമിഴ് മാധ്യമ പ്രവർത്തകനോട് നിങ്ങളങ്ങനെ മുൻവിധിയോടെ പടം കാണരുത്. ഒരോ സിനിമയ്ക്കും ഓരോ താളമുണ്ട്. വേഗതക്കുറവ് ചില സിനിമകളുടെ താളമായിരിക്കും. അതിന്റെ ആ രീതിയിൽ ആസ്വദിക്കണം എന്നായിരുന്നു ലാലിന്റെ മറുപടി. ഇതേ സമയം വേഗത ഉണ്ടേലും ഇല്ലേലും ഒരു സിനിമയ്ക്ക് മുന്നിലിരുന്ന് തന്റെ രണ്ടര മണിക്കൂർ പാഴാക്കാൻ തനിക്ക് താത്പര്യമില്ലെന്ന് മോഹൻലാൽ വ്യക്തമാക്കുകയാണ്.
തന്റെ സിനിമ കാണാൻ താത്പര്യമില്ല. മറ്റുള്ള നടൻമാരുടെ സിനിമ കാണാനോ അവരെക്കുറിച്ച് നല്ലത് പറയാനോ ഒട്ടും താത്പര്യമില്ല. ഇത് തന്നെയാണ് സത്യത്തിൽ മോഹൻലാലിന്റെ നിലപാട്. കാണുമ്പോൾ പുഞ്ചിരി പൊഴിക്കുകകയും കെട്ടിപ്പിടിക്കുകയും ഒക്കെ ചെയ്യുമെങ്കിലും ടൊവിനോയുടേയോ ഫഹദിന്റെയും ദുർഖറിന്റെയോ എന്തിന് പൃഥ്വിരാജിന്റെ പോലുമോ ഒരു സിനിമ പോലും കാണാത്ത ഒരാൾ എന്ത് പാഠമാണ് മലയാള സിനിമാ ലോകത്തിന് പകർന്നു നൽകുന്നത്.
കുറേ നാളുകൾ മുമ്പൊരു തമിഴ് ഇന്റർവ്യു. അവസാനം കണ്ട തമിഴ് സിനിമ ഏതാണെന്ന് അവതാരക ചോദിക്കുന്നു. ജയിലർ എന്നായിരുന്നു ഉത്തരം. എമ്പുരാൻ പ്രൊമോഷൻ സമയത്ത് അടുത്ത കാലത്ത് ഇതേ ചോദ്യം വീണ്ടും വന്നപ്പോഴും ഉത്തരം ജയിലർ തന്നെയായിരുന്നു. ഇതേ സമയം അടുത്ത കാലത്ത് കണ്ട നല്ല തമിഴ് സിനിമയായി പൃഥ്വിരാജ് പറയുന്നത് മഹാരാജയാണ്. വിജയിയെക്കുറിച്ചും രജനീകാന്തിനെക്കുറിച്ചും സൂര്യയെക്കുറിച്ചുമെല്ലാം നല്ലത് പറയാനും അദ്ദേഹത്തിന് മടിയില്ല. എന്നാൽ മോഹൻലാലോ. സ്വന്തം സിനിമകൾ തിയേറ്ററിൽ പോയി കാണാൻ അടുത്ത കാലത്ത് തുടങ്ങിയതുകൊണ്ട് മാത്രം ജയിലർ കണ്ടു. അത്രയും ആശ്വാസം. മുമ്പും ഇപ്പോഴും ഇഷ്ട പ്പെട്ട തമിഴ് സിനിമകൾ ഏതെന്ന ചോദ്യത്തിന് ഉത്തരം 1973 മെയ് 11 ന് പുറത്തിറങ്ങിയ എംജിആറിന്റെ ഉലകം ചുറ്റും വാലിബൻ മാത്രമായിരുന്നു. മറ്റൊരു പേരും അദ്ദേഹം പറയുന്നില്ല. പറയാൻ പേരുകൾ പോലും അറിയുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.
ഒരു അഭിമുഖത്തിനിടെ തെലുങ്കിലെ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും പൃഥ്വിരാജും ഒരുമിച്ച് നിൽക്കുന്ന ഫോട്ടോ അവതാരക കാണിച്ചപ്പോൾ ഇതാരാ എന്നായിരുന്നു പൃഥ്വിയോടുള്ള ലാലിന്റെ ചോദ്യം. മഹേഷ് ബാബുവിന്റെ സിനിമ പോയിട്ട്, സോഷ്യൽ മീഡിയ ഇത്രയും സജീവമായ കാലത്ത് ഇത്രയും താരത്തിളക്കമുള്ള ഒരു നടന്റെ ഫോട്ടോ പോലും ലാൽ കണ്ടിട്ടില്ല എന്നതായിരുന്നു യാഥാർത്ഥ്യം. തമിഴിലെ ഇഷ്ട അഭിനേതാക്കൾ ആരെന്ന ചോദ്യത്തിന് നന്നായി അഭിനയിക്കുന്നവരെ എല്ലാം ഇഷ്ടമാണ് എന്നായിരുന്നു ലാലിന്റെ മറുപടി. ഒരു പേര് പറയാൻ ആവശ്യപ്പെടുമ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറുകയും ചെയ്തു. പേര് പറയാൻ അവരുടെ സിനിമകൾ കണ്ടിട്ടില്ല. ജയിലറും ഉലകം ചുറ്റും വാലിബനും കണ്ട സ്ഥിതിയ്ക്ക് എംജിആർ എന്നോ രജനീകാന്ത് എന്നോ പറയാമെങ്കിലും താനല്ലാതെ മറ്റാരെയും അംഗീകരിക്കാത്ത ലാലേട്ടൻ ഇവരുടെ പേര് പറയണം എന്ന് ആഗ്രഹിക്കാനും വയ്യ. ദൃശ്യത്തിന്റെ തമിഴ് റീമേയ്ക്ക് പാപനാശം കണ്ടിരുന്നോ. അതിൽ കമൽഹാസൻ എങ്ങിനെയുണ്ട് എന്ന ചോദ്യത്തിന് താൻ റീമേയ്ക്ക് സിനിമ കാണാറില്ലെന്നായിരുന്നു ലാലിന്റെ മറുപടി. എന്നാൽ മറ്റേതെങ്കിലും സിനിമയെക്കുറിച്ച് പറയൂ എന്ന ചോദ്യത്തിന് തിരക്കായതുകൊണ്ട് പടങ്ങളൊന്നും കണ്ടില്ലെന്നാണ് മറുപടി. ഡ്രാഗൺ സിനിമയുടെ ട്രെയ്ലർ കണ്ടു. ഇനി വരുമ്പോഴേക്കും പടം കാണാൻ ശ്രമിക്കാം എന്നും പുള്ളി യാതൊരു നാണക്കേടുമില്ലാതെ പറയുന്നുണ്ട്.
പല ഭാഷകളിലെയും നടൻമാർ തങ്ങളുടെ നിർമാണ കമ്പനിയിലൂടെ പല യുവതാരങ്ങളുടെയും പുതുമുഖങ്ങളുടെയുമെല്ലാം സിനിമകൾ നിർമിക്കാറുണ്ട്. എന്നാൽ ആശിർവാദ് സിനിമാസ് ലാലിന്റെ സിനിമകൾ മാത്രം നിർമിക്കാനുള്ള കമ്പനിയാണ്. എല്ലാ സൗഭാഗ്യങ്ങളും തന്ന സിനിമയോടുള്ള കടപ്പാടിന്റെ പേരിലെങ്കിലും മറ്റൊരാളുടെ സിനിമ നിർമിക്കാമെന്ന് ലാലേട്ടൻ പറയില്ല. എല്ലാവരും തന്റെ സിനിമകൾ കാണണം. എല്ലാവരും തന്നെ അംഗീകരിക്കണം. എല്ലാവരും തന്നെ പുകഴ്ത്തണം. എന്നാൽ മറ്റുള്ളവരുടെ ഒരു സിനിമ പോലും താൻ കാണില്ല. ഇനി അബദ്ധവശാൽ കണ്ടുപോയാലും ഒരാളെയും അംഗീകരിക്കാൻ തനിക്ക് കഴിയല്ല. സത്യത്തിൽ ഇതാണ് മോഹൻലാലിന്റെ മാനസികാവസ്ഥ.
മലയാളത്തിൽ ഇത്തരത്തിൽ ഒരഭിമുഖം വന്നപ്പോൾ മമ്മൂട്ടിയുടെ ചിത്രങ്ങൾ പോലും കാണുന്നില്ലെന്ന് ആക്ഷേപം ലാലിനെതിരെ വന്നിരുന്നു. തുടർന്നാണ് കാതൽ ഉടൻ കാണും എന്ന് അദ്ദേഹം മറുപടി നൽകിയത്. പിന്നീടെപ്പോഴോ കാതൽ കണ്ടു. ഇഷ്ടമായി എന്നൊരു പോസ്റ്റു കണ്ടു. കണ്ടിട്ടുണ്ടാവുമോ ആവോ. എന്തായാലും വീട്ടിലൊരുക്കിയ ചെറു തിയേറ്ററിലിരുന്ന് മകന്റെ വർഷങ്ങൾക്കു ശേഷം എന്ന സിനിമ കാണുന്ന ഒരു ചിത്രം എപ്പോഴോ കാണാനാടയായി. അതെങ്കിലും കണ്ടല്ലോ എന്ന് ആശ്വാസം. ലാലിന്റെ അഭിനയത്തെക്കുറിച്ച് അമിതാബ് ബച്ചൻ പലപ്പോഴും വാചാലനായിട്ടുണ്ട്. ആ സമയം ബച്ചനെക്കുറിച്ച് എന്തെങ്കിലും പറയാൻ ലാൽ മടിക്കാറില്ല. അപ്പോഴും പക്ഷെ പറയാൻ കുട്ടിക്കാലത്ത് കണ്ട സിനിമ മാത്രമേ ഉണ്ടാവാറുള്ളു എന്നതാണ് കൗതുകകരം. സമാനമായ രീതിയിൽ കമൽഹാസനും രജനീകാന്തുമെല്ലാം അഭിനയ മികവിനെപ്പറ്റി നല്ലത് പറയുമ്പോഴും ലാൽ തിരിച്ച് മറുപടി പറയും. പക്ഷെ അതെല്ലാം വ്യക്തിപരമായ കാര്യങ്ങൾ മാത്രമായിരിക്കുമെന്ന് മാത്രം. ഒരിക്കൽ പോലും ലോകോത്തര നിലവാരത്തിലുള്ള പ്രകടനം നടത്താറുള്ള കമൽഹാസന്റെയോ വേറിട്ട ശൈലിയിലൂടെ ആരാധകരെ കീഴടക്കിയ രജനീകാന്തിന്റേയോ ചിത്രങ്ങളെക്കുറിച്ചോ അഭിനയ മികവിനെക്കുറിച്ചോ ഒരക്ഷരം ലാൽ പറഞ്ഞതായി അറിവില്ല.
ചുറ്റും ഉപഗ്രഹങ്ങളും വാഴ്ത്തിപ്പാടലുകാരും ഇല്ലാത്ത കാലത്ത് മോഹൻലാലിനെ തേടി കുറേ നല്ല സംവിധായകർ എത്തിയിരുന്നു. സിനിമ കാണാറില്ലെങ്കിലും സിനിമയുടെ കഥ മനസിലാക്കാൻ പറ്റില്ലെങ്കിലും മികച്ച സംവിധായകരുടെ സാന്നിധ്യം അദ്ദേഹത്തിനൊപ്പമുണ്ടായി. സത്യൻ അന്തിക്കാട്, സിബി മലയിൽ, പ്രിയദർശൻ, പത്മരാജൻ തുടങ്ങി മലയാള സിനിമ കണ്ട മികച്ച സംവിധായകരുടെയെല്ലാം സിനിമകൾ നിരന്തരം അദ്ദേഹത്തിന് ലഭിച്ചു. ഒപ്പം ജോഷി, കെ മധു, തമ്പി കണ്ണന്താനം തുടങ്ങിയ മികച്ച ആക്ഷൻ ചിത്രങ്ങളൊരുക്കുന്നവരുടെ ചിത്രങ്ങൾ കൂടി ലഭിച്ചതോടെ നടനെന്ന നിലയിലും താരമെന്ന നിലയിലും അദ്ദേഹം വളർന്നു. കഥയൊന്നും വായിച്ചില്ലെങ്കിലും ലാലിന് എവിടെയും നഷ്ടമണ്ടായില്ല. ഇപ്പോഴും ലാൽ കഥ വായിക്കുന്നുണ്ടാവില്ല. പക്ഷെ ചുറ്റുമുള്ളവർ കഥകൾ തെരഞ്ഞെടുക്കാൻ തുടങ്ങിയതോടെയാണ് അദ്ദേഹവും പ്രതിസന്ധിയിലായത്. വന്ന പല കഥകളും ഇഷ്ടപ്പെടാറില്ലെന്ന് ഒരഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് കേട്ടു. ഒഴിവാക്കിയ സംവിധായകരുടെ പേരുകളാവട്ടെ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങൾ ഒരുക്കിയ യുവ സംവിധായകരും. ആർക്കാവും കഥ ഇഷ്ടമാവാഞ്ഞത് എന്ന് നമുക്കറിയാം. ഇതിനിടയിൽ തരുൺ മൂർത്തി എന്ന സംവിധായകന് ഡേറ്റ് നൽകിയത് തന്നെ മഹാഭാഗ്യം.
ഇപ്പോൾ എമ്പുരാനെതിരെ സംഘപരിവാർ ആഞ്ഞടിച്ചെത്തിയിരിക്കുകയാണ്. തീർച്ചയായും ബിജെപിയെയും സംഘപരിവാറിനും കോട്ടം തട്ടുന്ന എന്തെങ്കിലും സിനിമയിൽ ഉണ്ടാവുമെന്ന് ലാൽ അറിഞ്ഞിരിക്കാനിടയില്ല. മോഡിയോട് ഉൾപ്പെടെ ചേർന്നു നിൽക്കുന്ന ലാൽ അറിഞ്ഞുകൊണ്ട് ഇത്തരമൊരു സിനിമയിൽ അഭിനയിക്കും എന്ന് കരുതാൻ വയ്യ. വലിയൊരു കലാപം, ഏറ്റുമുട്ടൽ, ബോംബെയിൽ നിന്ന് വരുന്ന വില്ലൻ എന്നൊക്കെ മാത്രം കേട്ടാവും ലാൽ സിനിമയിലേക്ക് പ്രവേശിച്ചത്. സിനിമയിലെ ചില രംഗങ്ങൾ നീക്കാൻ നിർമാതാക്കൾ ആവശ്യപ്പെട്ടു എന്നും വാർത്തകൾ വരുന്നു. തീർച്ചയായും ആ ആവശ്യം ഉന്നയിച്ചത് ലാൽ തന്നെയാവും എന്നത് നൂറ് ശതമാനം ഉറപ്പാണ്. അതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ താത്പര്യങ്ങൾ. പക്ഷെ ഇത്രയും വലിയൊരു മേഖലയുടെ ഭാഗമാകുമ്പോൾ, ആ മേഖല തനിക്ക് എല്ലാം നൽകുമ്പോൾ ആ മേഖലയ്ക്ക് ഇത്തിരി സ്നേഹം തിരിച്ചു നൽകാൻ മറക്കരുതെന്ന് മാത്രമാണ് ലാലിനോട് പറയാനുള്ളത്.
താൻ അഭിനയിച്ച നാടകം കണ്ട് ഒരക്ഷരം പറയാതെ എം ടി വാസുദേവൻ നായർ പോയപ്പോൾ വല്ലാതെ വിഷമം തോന്നിയെന്ന് ലാൽ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. പിന്നീട് അടുത്ത് വിളിച്ച് നല്ലത് പറഞ്ഞപ്പോഴാണ് ആശ്വാസമായതെന്നും അദ്ദേഹം പറഞ്ഞു. പ്രിയപ്പെട്ട ലാൽ, നിങ്ങൾ സിനിമാ ലോകത്തെ പകരം വെയ്ക്കാനില്ലാത്ത കലാകാരൻ തന്നെയാണ്. പുതുതായി വരുന്ന നടീനടൻമാർ എന്തെങ്കിലും പ്രശംസ നിങ്ങളിൽ നിന്ന് ലഭിക്കാൻ ആഗ്രഹിക്കുന്നവരാകും. അവരുടെ സിനിമകൾ ഇടയ്ക്കെങ്കിലും ഒന്നു കാണുക. അതിനെക്കുറിച്ച് എന്തെങ്കിലും അഭിപ്രായം പറയുക. എല്ലാം നിങ്ങൾക്ക് സമ്മാനിച്ച സിനിമയ്ക്ക് അത്രയെങ്കിലും ചെയ്യാൻ നിങ്ങൾ ശ്രമിക്കുക. അതിന് വല്ലപ്പോഴും ഒരു രണ്ടര മണിക്കൂർ മാറ്റിവെക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് കരുതുന്നു.














