പ്രതിപക്ഷം നടത്തിയത് യുദ്ധത്തിനുള്ള ആഹ്വാനമെന്ന് മന്ത്രി കെ രാജന്‍. പ്രതിപക്ഷം പ്രതീക്ഷിച്ച വിധത്തിലല്ല സദസ്സ്. അതുകൊണ്ടാണ് കലാപം നടത്തുന്നത്. കലാപമല്ല, യുദ്ധത്തിനുള്ള ആഹ്വാനമാണ് പ്രതിപക്ഷ നേതാവ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളെ ഇപ്പോഴും മുഖ്യമന്ത്രിയുള്‍പ്പടെ സദസ്സിലേക്ക് സ്വാഗതം ചെയ്യുകയാണ്. എങ്ങനെ ഈ ഗവണ്‍മെന്റിനെ തകര്‍ക്കാമെന്നാണ് പ്രതിപക്ഷത്തിന്റെ ചിന്ത. അതിന് ആരെയെല്ലാമോ കൂട്ടുപിടിക്കാമോ അവരെയെല്ലാം കൂട്ടുപിടിക്കും. അതിന്റെ ഉദാഹരണമാണ് കെ പി സി സി പ്രസിഡന്റിന്റെയും യു ഡി എഫ് കണ്‍വീനറിന്റെയും ഗവര്‍ണറെ പിന്തുണയ്ക്കുന്ന നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.ആരാണോ അക്രമത്തിന് ആഹ്വാനം ചെയ്യുന്നത് അവര്‍ക്കെതിരെ കേസെടുക്കും.
പ്രതിപക്ഷ നേതാവിനെതിരെ കേസെടുക്കുന്നതില്‍ ഗവണ്‍മെന്റിന് ഒരു നേട്ടവുമില്ല. അത് പൊലീസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പിങ്ക് പൊലീസ് വാഹനം അടിച്ചു തകര്‍ത്തതിനും പൊലീസിനെ ആക്രമിച്ചതിനും പൊലീസ് കേസെടുത്തിരുന്നു സമരവുമായി ബന്ധപ്പെട്ട് മ്യൂസിയം, കണ്ടോണ്‍മെന്റ് സ്റ്റേഷനുകളായി രണ്ട് എഫ്‌ഐആര്‍ ആണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 15 പേരെ പ്രതി ചേര്‍ത്ത് പിഡിപിപി ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് എടുത്തത്.

മാര്‍ച്ചിനിടെ പുരുഷ പൊലീസ് വനിതാ നേതാവിന്റെ വസ്ത്രം വലിച്ചുകീറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു. ഈ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കണമെന്നും സതീശന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.വനിതാ പ്രവര്‍ത്തകരെ പുരുഷ പൊലീസുകാര്‍ വടികൊണ്ട് ആക്രമിച്ചു. പരുക്കുപറ്റിയ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞുവച്ചു. അതുകൊണ്ടാണ് ഇത്ര വലിയ സംഘര്‍ഷമുണ്ടായത്. പൊലീസിനൊപ്പം യൂത്ത് കോണ്‍ഗ്രസ് സമരത്തെ അടിച്ചമര്‍ത്താനാവില്ല. ഈ പ്രതിഷേധം കേരളം മുഴുവനുണ്ടാവും. എസ് എഫ് ഐയുടെ പെണ്‍കുട്ടികളെ ‘മോളേ, കരയല്ലേ’ എന്നുപറഞ്ഞ് പൊലീസ് വിളിച്ചുകൊണ്ട് പോയി. ഞങ്ങളുടെ പെണ്‍കുട്ടികളുടെ വസ്ത്രം വലിച്ചുകീറി.
പൊലീസിനെ അഴിഞ്ഞാടാന്‍ വിടുന്നതിന് പിണറായി വിജയന്‍ മറുപടി പറയണം. സന്തോഷത്തോടെ ഭരിക്കാമെന്ന് കരുതണ്ട. ശക്തമായ പ്രതിഷേധമുണ്ടാവും. പ്രവര്‍ത്തരെ അടിച്ചാല്‍ അവര്‍ക്കൊപ്പമിറങ്ങും. പൊലീസ് സംയമനം പാലിച്ചില്ല. ഒരു പെണ്‍കുട്ടിയെ ആക്രമിച്ചു. അതൊന്നും വെച്ചുപൊറുപ്പിക്കില്ല. 100 കണക്കിനു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശക്തമായി പ്രതികരിക്കും. ഞങ്ങള്‍ ക്ഷമയുടെ നെല്ലിപ്പലക കണ്ടു. അവസാനം കുട്ടികളെ സംരക്ഷിക്കാനാണ് തെരുവിലിറങ്ങുന്നത് എന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.













