കോതി സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്


കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ നടക്കുന്ന സമരത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയെന്ന് മേയര്‍ ബീന ഫിലിപ്പ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിലേക്ക് തള്ളിവിടുകയാണ്. വീട്ടിലിരുന്ന സ്ത്രീകളെ അല്ല , സമരത്തിന് വന്നവരെയാണ് പൊലീസ് വലിച്ചിഴച്ചു കൊണ്ടുപോയത്. എല്ലായിടത്തും ഉള്ള പദ്ധതിയാണിതെന്നും മാലിന്യ സംസ്‌കരണ പ്ലാന്റിന്റെ നിര്‍മാണവുമായി മുന്നോട്ടു പോകുമെന്നും മേയര്‍ പറഞ്ഞു.


പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെ പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി.പൊലീസ് ബലപ്രയോഗിച്ചതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി. സമരത്തിനുണ്ടായിരുന്ന കുട്ടിയെയും പൊലീസ് ബലം പ്രയോഗിച്ച് മാറ്റി. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നത് തടയാന്‍ കുട്ടി ശ്രമിച്ചതോടെയാണ് പൊലീസ് കുട്ടിയെയും സ്ഥലത്ത് നിന്നും ബലപ്രയോഗത്തിലൂടെ എടുത്തു മാറ്റിയത്.




Sharing is Caring