വോട്ടിങ്ങ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ്ങ് റൂമിലെ മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ കലക്ടര്‍ക്കെതിരെ യു ഡി എഫ് നാളെ കോടതിയെ സമീപിക്കും. പേരാമ്പ്ര നിയമസഭാ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ച കോഴിക്കോട് വെള്ളിമാടുകുന്ന് ജെ ഡി ടി ഇസ്ലാം കണ്‍വെന്‍ഷന്‍ സെന്ററിലെ സ്‌ട്രോങ്ങ് റൂമുകള്‍ അനുമതിയില്ലാതെ തുറന്നെന്നാണ് യു ഡി എഫ് ആരോപണം. വീഴ്ച വ്യക്തമായിട്ടും റിട്ടേണിംഗ് ഓഫീസര്‍ക്കെതിരെ കലക്ടര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണ് കോടതിയെ സമീപിക്കുന്നത്.
തുറന്നത് റിസര്‍വ് റൂം അല്ലെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കുന്നത്. മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ കോഴിക്കോട് ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രധാന സ്ഥാനാര്‍ഥികളെ അറിയിച്ച ശേഷം അവരുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് തുറന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു

എല്ലാ സ്ഥാനാര്‍ഥികളെയും അറിയിക്കാത്തത് മാത്രമാണ് ഉണ്ടായ പിഴവെന്നും സാധാരണയായി മെറ്റീരിയല്‍ റൂം സ്ട്രോങ് റൂമിന് സമീപം വെക്കാറില്ലെന്നും അതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. മെറ്റീരിയല്‍ റൂമിനു ‘സ്ട്രോങ് റൂം’ എന്ന് പേര് വെച്ചതും തെറ്റിദ്ധാരണ ഉണ്ടാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.













