മാവോയിസ്റ്റ് വേട്ട: കാട് അരിച്ചുപെറുക്കാന്‍ അമേരിക്കന്‍ വീരനെത്തി

Polarisമലപ്പുറം: കേരളത്തിലെ മാവോയിസ്റ്റ് വേട്ട എങ്ങുമെത്താതെ നില്‍ക്കുന്ന ഘട്ടത്തില്‍ കേരളാ പൊലീസിനെയും വനംവകുപ്പിനെയും സഹായിക്കാന്‍ അമേരിക്കന്‍ വീരന്‍ രംഗത്ത്. വനമേഖലകളില്‍ തെരച്ചില്‍ കാര്യക്ഷമമാക്കാനും സഞ്ചാരം വേഗത്തിലാക്കാനും അമേരിക്കന്‍ നിര്‍മിതമായ ഓഫ് റോഡ് വാഹനം പോളാരിസ് റെയ്ഞ്ചര്‍-800 എന്ന വാഹനമാണ് മലപ്പുറത്തെത്തിയത്. മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് സംശയിക്കുന്ന നിലമ്പൂര്‍ വനമേഖലകളിലെ തെരച്ചിലിനാണ് നിലമ്പൂരിലെത്തിയത്. കാഴ്ചയില്‍ ഗംഭീരനും കരുത്തനുമായ ഇവന് 22 ലക്ഷമാണ് മുടക്ക്.
മലമ്പാതകളിലൂടെ കുതിച്ചുപായാന്‍ പ്രത്യേക വൈദഗ്ധ്യമുള്ള പോളാരിസ് റെയ്ഞ്ചര്‍ 45 ഡിഗ്രി ചെരിവിലും ഓടിക്കാനാകും. അതി ദുര്‍ഘടമായ പാതകളില്‍ പോലും 80 കിലോമീറ്റര്‍ വേഗത്തില്‍ ഇതില്‍ സഞ്ചരിക്കാം. ഒരു ലിറ്റര്‍ പെട്രോളില്‍ 8 മുതല്‍ 10 കിലോമീറ്റര്‍ വരെ മൈലേജും ലഭിക്കും. ആറുപേര്‍ക്ക് യാത്രചെയ്യാവുന്ന വാഹനത്തിന് 500 കിലോ വരെ ഭാരവും വഹിക്കാനാകും.
അമേരിക്കന്‍ സൈന്യം യുദ്ധങ്ങള്‍ക്ക് ഇപ്പോഴും ഈ വാഹനം ഉപയോഗിക്കുന്നുണ്ട്. ഇന്‍ഡ്യയില്‍ പലയിടങ്ങളിലും വിനോദസഞ്ചാരികള്‍ ഓഫ് റോഡ് റൈഡിംഗിന് ഉപയോഗിക്കാറുണ്ടെങ്കിലും കേരള പോലീസ് ആദ്യമായാണ് ഇത്തരം വാഹനം വാങ്ങുന്നത്. പോളാരിസ് റെയ്ഞ്ചര്‍ നാലെണ്ണമാണ് കേരള പോലീസിനുള്ളത്. കണ്ണൂര്‍, വയനാട്, നിലമ്പൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് വാഹനങ്ങള്‍ നല്‍കിയിട്ടുള്ളത്. പെരിന്തല്‍മണ്ണ സബ്ഡിവിഷനു കീഴിലുള്ള 15 പോലീസ് ഡ്രൈവര്‍മാര്‍ക്കും ടെക്‌നീഷ്യന്‍മാര്‍ക്കുമായാണ് നിലമ്പൂരില്‍ പരിശീലനം നല്‍കുന്നത്.
പരിശീലനം നല്‍കാനായി ചെന്നൈ സ്വദേശി സുന്ദര്‍ ഗണേശും കമ്പനി അസി. മാനേജര്‍ ആര്‍ എസ് ബോബിയും എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഇത്തരം വാഹനങ്ങള്‍ സ്വന്തമായുള്ളത് ഗണേശാണ്. കണ്ണൂര്‍ ഐ.ജി.പി സുരേഷ് രാജ് പുരോഹിതിനാണ് പരിശീലനത്തിന്റെ ചുമതല. പൊലീസുകാര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാകുന്നതോടെ കാടുകളിലെ തെരച്ചിലിന് ഇനി പോളാരിസ് റെയ്ഞ്ചറും കൂടെയുണ്ടാകും.