രാജ്യത്തെ നടുക്കിയ ഒഡിഷ ട്രെയിൻ അപകടത്തെ അതീജീവിച്ചതിന്റെ അമ്പരപ്പിലാണ് നാലു മലയാളികൾ.കണ്ടശാങ്കടവ് സ്വദേശികളായ കിരൺ, വിജേഷ്, വൈശാഖ്, രഘു, എന്നിവരാണ് പരിക്കുകളോടെ അത്ഭുതകരമായി അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്ക് വേണ്ടി കൊൽക്കത്തയിൽ പോയി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം.
മരണത്തെ മുഖാമുഖം കണ്ട സമയത്തെ പേടിയോടെ ഓർത്തെടുക്കുകയാണ് ഇവർ.ട്രെയിനിലെ സ്ലീപ്പർ ക്ലാസ് കമ്പാർട്ട്മെന്റിലാണ് നാല് മലയാളികളും യാത്ര ചെയ്തത്. ഷാലിമാറിൽ നിന്നും ചെന്നൈയിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. അപ്രതീക്ഷിതമായാണ് അപകടം ഉണ്ടായത്. എമർജൻസി എക്സിറ്റ് വഴിയാണ് പുറത്തേക്കിറങ്ങിയത്. കമ്പാർട്ട്മെന്റിൽ ഒപ്പം യാത്ര ചെയ്യുകയായിരുന്ന ആളുകൾ അപകടത്തിൽ മരിച്ചു.പരിക്കേറ്റവരിൽ മൂന്ന് പേരെ പുറത്തേക്ക് എത്തിച്ച ശേഷമാണ് ഞങ്ങൾ രക്ഷപ്പെട്ടതെന്ന് ഇവർ മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിൽ രഘു എന്നയാളുടെ പല്ല് നഷ്ടപ്പെട്ടുവെന്നും വൈശാഖ്, ബിജീഷ് എന്നിവർക്ക് പരുക്കേറ്റിട്ടുണ്ടെന്നും കിരൺ പറയുന്നു. നിലവിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇവർ 4 പേരും.ഇന്നലെ 7 മണിയോടെ നടന്ന ട്രെയിന്‍ അപകടത്തില്‍ 280 പേരാണ് മരണപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരുക്കേറ്റു. ദുരന്ത നിവാരണ സേന ഉൾപ്പെയുള്ളവർ അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിവരികയാണ്. അപകടത്തെ തുടർന്ന് രാജ്യത്ത് 43 ട്രെയിനുകൾ റദ്ദാക്കി. 38 ട്രെയിനുകൾ വഴി തിരിച്ചുവിട്ടു.













