മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നതിനിടെ കുക്കി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്താനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കുക്കി സംഘടനയായ ഇന്റിജീനിയസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറ(ഐടിഎല്‍എഫ്)ത്തിന്റെ നാലംഗ സംഘമാണ് ഇന്ന് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.ഡല്‍ഹിയിലാണ് കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക് സൗകര്യം ഒരുക്കുന്നത് മിസോറം മുഖ്യമന്ത്രി സോറാംതാംഗയാണ്. മണിപ്പൂരില്‍ കലാപം അവസാനിപ്പിക്കാനുള്ള നിര്‍ണായക നീക്കമാണ് ഈ ചര്‍ച്ച.
കുക്കികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്‌തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ കുക്കി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുക, പ്രത്യേക ഭരണകൂടം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. വിഷയങ്ങളെല്ലാം കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.














