കർണാടകയിൽ കോളേജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ

കർണാടകയിൽ കോളേജ് വിദ്യാർഥിനികൾക്കു നേരെ ആസിഡ് ആക്രമണം നടത്തിയ മലയാളി യുവാവ് പിടിയിൽ. കഡബയിലെ സര്‍ക്കാര്‍ പി.യു. കോളേജിലെ മൂന്നുവിദ്യാര്‍ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മലപ്പുറം നിലമ്പൂർ സ്വദേശിയായ അഭിൻ (23) ആണ് പിടിയിലായത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.പരീക്ഷാ ഹാളിൽ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് പെൺകുട്ടികൾക്കു നേരെയാണ് അഭിൻ ആസിഡ് ആക്രമണം നടത്തിയത്.

അനില സിബി, അര്‍ച്ചന, അമൃത എന്നീ വിദ്യാര്‍ഥിനികള്‍ക്കാണ് പൊള്ളലേറ്റത്. കഡാബ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂവരെയും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. പരിക്കേറ്റവരില്‍ ഒരാളുടെ നില അതീവഗുരുതരമാണ്. പ്രണയാഭ്യർഥന നിരസിച്ചതിന്റെ പേരിലാണ് ആക്രമണം എന്നാണ് സൂചന.

മാസ്കും തൊപ്പിയും ധരിച്ച് ബൈക്കിൽ കോളജിലെത്തിയ അഭിൻ കൂട്ടത്തിൽ ഒരു പെൺകുട്ടിയുടെ മുഖത്തിനു നേരെ ആസിഡ് എറിയുകയായിരുന്നു. ഇതിനിടെ ഒപ്പമുണ്ടായിരുന്നു രണ്ടു പെൺകുട്ടികളുടെയും ദേഹത്തും ആസിഡ് വീണു. ആക്രമണത്തിനു ശേഷം രക്ഷപ്പെടാൻ ശ്രമിച്ച അഭിനെ വിദ്യാർഥികളും കോളജ് അധികൃതരും ചേർന്ന് തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഇയാൾ കേരളത്തിലെ കോളജിൽ എംബിഎ വിദ്യാർഥിയാണെന്നാണ് വിവരം. ആക്രമണത്തിന് ഇരയായ പെൺകുട്ടികളും മലയാളികളാണെന്നു സൂചനയുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *