ബെംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണം എൻഐഎക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയത്തിൻ്റേതാണ് നിർദേശം. ബെംഗളൂരു പൊലീസിന് കീഴിലുള്ള സെൻട്രൽ ക്രൈം ബ്രാഞ്ചാണ് നിലവിൽ കേസ് അന്വേഷിക്കുന്നത്.മാർച്ച് ഒന്നിന് ഈസ്റ്റ് ബെംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനത്തിൽ പത്ത് പേർക്ക് പരിക്കേറ്റിരുന്നു. ഉച്ചയോടെയായിരുന്നു സ്‌ഫോടനം.
ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാൻ എത്തിയവരും ഉൾപ്പെടെ 10 പേർക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്തുനിന്ന് സ്‌ഫോടക വസ്തുവായ ഐഇഡിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.തൊപ്പിയും മുഖംമൂടിയും കണ്ണടയും ധരിച്ച ഒരാളാണ് കേസിലെ പ്രധാന പ്രതിയെന്നും ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. യുഎപിഎ കൂടി ചുമത്തിയ കേസിൽ അറസ്റ്റ് വൈകുന്നതിനെ തുടർന്ന് എൻഐഎക്ക് കൈമാറണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയിരുന്നു. അതേസമയം സ്ഫോടനത്തില്‍ പരിക്കേറ്റവർ അപകടനില തരണം ചെയ്‌തതായി അധികൃതർ വ്യക്തമാക്കി.