മധു വധക്കേസ് ;ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം


അട്ടപ്പാടി മധു വധക്കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യം. കേസിന് പ്രത്യേക പരിഗണന നല്‍കിയില്ലെങ്കില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് മധു നീതി സമരസമിതി നേതാക്കള്‍ പറയുന്നു. ഏപ്രില്‍ 5നാണ് മണ്ണാര്‍ക്കാട് എസ് സി എസ്ടി കോടതി മധു കേസ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.


മധുകേസ് പ്രതികള്‍ ജാമ്യത്തിനായി ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. നിലവില്‍ അഡീഷണല്‍ ജനറല്‍ പ്രോസിക്യൂട്ടറാണ് മധുവിന്റെ കുടുംബത്തിനായി ഹാജരാകുന്നത്. ഈ സാഹചര്യത്തിലാണ് നിരവധി കേസുകളിലൊന്നായി സര്‍ക്കാര്‍ മധു കേസിനെ കാണരുതെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും സമരസമിതി ആവശ്യപ്പെട്ടത്. ഐപിസി 302 പ്രകാരമുള്ള ശിക്ഷ വിധിക്കാത്തതിനാല്‍ വേഗത്തില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനിടയുണ്ടെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആശങ്ക.


ഒന്നാം പ്രതിയായ ഹുസൈന്‍, രണ്ടാം പ്രതി മരക്കാര്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, അഞ്ചാം പ്രതി രാധാകൃഷ്ണന്‍, ആറാം പ്രതി അബൂബക്കര്‍, ഏഴാം പ്രതി സിദ്ദീഖ്, എട്ടാം പ്രതി ഉബൈദ്, ഒമ്പതാം പ്രതി നജീബ്, പത്താം പ്രതി ജൈജുമോന്‍, പന്ത്രണ്ടാം പ്രതി സജീവ്, പതിമൂന്നാം പ്രതി സതീഷ്, പതിനാലാം പ്രതി ഹരീഷ്, പതിനഞ്ചാം പ്രതി ബിജു, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുകേസിലെ പ്രതികള്‍.



Sharing is Caring