ഖത്തര്‍ ലോകകപ്പ് സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് പുറത്തായതിന് പിന്നാലെ ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ പ്രതിഷേധവുമായി മൊറോക്കോ ആരാധകര്‍.
മൊറോക്കോ പതാക പുതച്ചെത്തിയ ആരാധകര്‍ പോലീസിന് നേരെ പടക്കങ്ങളും മറ്റും വലിച്ചെറിയുകയായിരുന്നു. ഇതിന് പുറമെ മാലിന്യസഞ്ചികളും കാര്‍ഡ് ബോര്‍ഡ് പെട്ടികളും കൂട്ടിയിട്ട് കത്തിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ പോലീസ് അക്രമികള്‍ക്ക് നേരെ കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.

മൊറോക്കോയെ ഏകപക്ഷീയമായ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് ലോകകപ്പ് ഫൈനലില്‍ കടന്നത്. തിയോ ഹെര്‍ണാണ്ടസും മുവാനിയുമാണ് ഫ്രാന്‍സിന് വേണ്ടി സ്‌കോര്‍ ചെയ്തത്. ഫ്രാന്‍സിന്റെ തുടര്‍ച്ചയായ രണ്ടാം ഫൈനലാണിത്. 5ാം മിനിട്ടില്‍ തിയോ ഹെര്‍ണാണ്ടസും, 79ാം മിനിട്ടില്‍ റന്‍ഡാല്‍ കോളോ മുവാനിയുമാണ് സ്‌കോര്‍ ചെയ്തത്.
അര്‍ജന്റീനയാണ് ഫൈനലില്‍ ഫ്രാന്‍സിന്റെ എതിരാളികള്‍. മൂന്നാം ലോകകപ്പ് കിരീടം ലക്ഷ്യമിട്ടാണ് അര്‍ജന്റീനയും ഫ്രാന്‍സും കളത്തിലിറങ്ങുന്നത്. 2002ല്‍ ബ്രസീലിന് ശേഷം തുടര്‍ച്ചയായി രണ്ടാം ഫൈനല്‍ കളിക്കുന്ന രാജ്യമാണ് ഫ്രാന്‍സ്. ഞായറാഴ്ച രാത്രി 8.30ന് ലുസെയ്ല്‍ സ്റ്റേഡിയത്തിലാണ് ഫൈനല്‍. മറ്റന്നാള്‍ നടക്കുന്ന ലൂസേഴ്സ് ഫൈനലില്‍ മൊറോക്കോ-ക്രൊയേഷ്യയെ നേരിടും.













