കോഴിക്കോട് ജില്ലയില്‍ ചാരായ വേട്ട ഊർജ്ജിതമാക്കി എക്സൈസ്


കോഴിക്കോട്: ജില്ലയില്‍ വ്യാജ മദ്യവേട്ട ഊർജ്ജിതമാക്കി എക്സൈസ് വകുപ്പ്. ഇന്നലെ കൊയിലാണ്ടി എക്ലൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ സജിത്കുകുമാറിൻ്റെ നേത്രത്വത്തിൽ വിയ്യൂർ ഭാഗത്ത് നടത്തിയ റെയ്ഡിൽ 360 ലിറ്റർ വാഷ് കണ്ടെത്തിയിരുന്നു. കേസ് രജിസ്റ്റർ ചെയ്ത് പ്രതിക്കായി അന്വേഷണം ആരംഭിച്ചു. ചാരായം വാറ്റുന്നതിനിടെ ഇന്നലെ രണ്ടു പേർ അത്തോളി കുരുവാളൂരിൽ പേരാമ്പ്ര എക്സൈസ് സർക്കിൾ ഉദ്യോഗസ്ഥരുടെ പിടിയിലായി. കുരുവാളൂർ സ്വദേശി കൊളങ്ങരക്കണ്ടി മീത്തൽ ലിബാഷ്, പേരാമ്പ്ര മേഞ്ഞാണ്യം പൊൻപറേമ്മൽ രതീഷ് എന്നിവരാണ് അറസ്റ്റിലായത്. കാപ്പാട് തൂവ്വക്കോട് ഒരു വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുകയായിരുന്ന നടുക്കണ്ടി മീത്തൽ റോബിഷ്, ചേലിയ മാവിലാരി മീത്തൽ സുബിൻ എന്നിവർകൊയിലാണ്ടി പോലീസിൻ്റെ പിടിയിലായി.എസ് ഐമാരായ രാജേഷ് കുമാർ, സേതുമാധവൻ, സി പി ഒ മാരായ ബീന, ജിനീഷ്, സനൽ എന്നിവരടങ്ങിയ സംഘമാണ് പുലർച്ചെ രണ്ടു മണിക്ക് പരിശോധന നടത്തിയത്.


മുക്കത്ത് നടത്തിയ റെയ്ഡിൽ 25 ലിറ്റർ വാഷാണ് പിടികൂടിയത്. അഗസ്ത്യന്മുഴി സ്വദേശി പ്രകാശന്‍റെ വീട്ടിൽ നിന്നാണ് വാഷ് കണ്ടെത്തിയത്. ഇയാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.ജില്ലയുടെ കിഴക്കൻ മലയോര മേഖലയിലും, കൊയിലാണ്ടി, നടുവത്തൂർ, കീഴരിയൂർ, മുചുകുന്ന് ഭാഗങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്സൈസിന്‍റെ തീരുമാനം.